
പാലാരിവട്ടം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യും; ഗവര്‍ണര്‍ അനുമതി നല്‍കി
February 5, 2020 3:58 pm
0
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. മുന്‍മന്ത്രിക്ക് എതിരായ അഴിമതിക്കേസിലെ നടപടികള്‍ക്ക് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്.
മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി തേടിയപ്പോള്‍ ഇബ്രാഹിം കുഞ്ഞിനെതിരെ കണ്ടെത്തിയ തെളിവുകളെന്തെന്ന് അന്വേഷണസംഘത്തോട് ഗവര്‍ണറുടെ ഓഫീസ് ചോദിച്ചിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് എസ്‍പി രാജ്ഭവന് കൈമാറി. ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകളും മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് അടക്കമുള്ളവര്‍ നല്‍കിയ മൊഴികളുമാണ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ എജിയോട് നിയമോപദേശവും തേടിയിരുന്നു.
ഇതിനെല്ലാം ശേഷമാണ്, ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ സര്‍ക്കാരിന് അനുമതി നല്‍കുന്നത്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിനായി കരാറിലില്ലാത്ത വ്യവസ്ഥ പ്രകാരം മൊബിലൈസേഷന്‍ അഡ്വാന്‍സ് നിര്‍മാണ കമ്ബനിക്ക് നല്‍കിയത് ക്രമക്കേടാണ്. വി കെ ഇബ്രാഹിംകുഞ്ഞിന് ഇതിലുള്ള പങ്ക് അന്വേഷിക്കേണ്ടതുണ്ട്. അതിനുള്ള തെളിവുണ്ട്. പക്ഷേ, അഴിമതി നിരോധനനിയമപ്രകാരം ഇതിന് അധികൃതരുടെ മുന്‍കൂര്‍ അനുമതി വേണം. ഇതിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിജിന്‍സ് ഡിവൈഎസ്‍പി വി ശ്യാംകുമാര്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് പുറമേ, കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും ഇബ്രാഹിം കുഞ്ഞിനെതിരെ നിലനില്‍ക്കുന്നുണ്ട്. നോട്ട് നിരോധിച്ച കാലത്ത് ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപ വെളുപ്പിച്ചെടുത്തു എന്ന ഹര്‍ജി ഹൈക്കോടതിയിലുണ്ട്. ഇതും പാലാരിവട്ടം പാലം അഴിമതിക്കേസും ചേര്‍ത്ത് അന്വേഷിക്കണമെന്നാണ് ഹര്‍ജി. പാലാരിവട്ടം പാലം നിര്‍മാണക്കരാര്‍ വഴി നടത്തിയ അഴിമതിയിലൂടെ കിട്ടിയ പണമാണ് ഇങ്ങനെ ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.