Sunday, 27th April 2025
April 27, 2025

ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത നിറം; പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്ക് മാത്രം

  • February 5, 2020 11:00 am

  • 0

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഉടമകള്‍ക്ക് സാമ്ബത്തിക അധിക ചെലവ് വരുത്തില്ല. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാത്രം പുതിയ നിര്‍ദ്ദേശം ബാധകമുള്ളു. നിലവില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശം ബാധകമല്ല. 2020 മാര്‍ച്ച്‌ മുതല്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ പുതിയ നിര്‍ദ്ദേശം പാലിച്ചാല്‍ മതിയെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ അടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി പരിശോധനയ്ക്ക് ഹാജരാക്കുന്നതുവരെ നിലവിലെ കളര്‍ തുടരാം. ഫിറ്റ്‌നസിനായി വാഹനം ഹാജരാക്കുമ്ബോള്‍ റീ പെയിന്റിംഗ് ആവശ്യമാണ്. ആ സമയത്ത് കളര്‍കോഡ് പ്രകാരമുള്ള പെയിന്റിംഗ് നടത്തിയാല്‍ മതി.

എസ്ടിഎ എടുത്ത തീരുമാനം ശരിയായ രീതിയില്‍ മനസിലാക്കാത്തതാണ് പുതിയ കളര്‍കോഡ് വാഹന ഉടമകളെ സാമ്ബത്തികമായി ബുദ്ധിമുട്ടിക്കുമെന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് വാഹനങ്ങളില്‍ അതിഭീകരമായ ചിത്രങ്ങള്‍ പതിക്കുക, ഡ്രൈവര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ കളര്‍ പെയിന്റിംഗ് നടത്തുക, ആഡംബര ലൈറ്റുകളും മ്യൂസിക് സിസ്റ്റവും ഘടിപ്പിക്കുക, അധികമായി ജനറേറ്റര്‍ ഘടിപ്പിക്കുക തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ നടക്കുന്നുണ്ട്. സ്‌കൂള്‍, കോളേജ് ടൂര്‍ ഗ്രൂപ്പുകളാണ് നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകളിലെ യാത്രക്കാര്‍.അത് ഇനി അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ബസുകളില്‍ ഏകീകൃത കളര്‍കോഡ് കൊണ്ടുവന്നത്.

അതേസമയം പുതിയ നിര്‍ദ്ദേശത്തില്‍ ഗതാഗത വകുപ്പ് ചില ഇളവുകള്‍ വരുത്തി. വെള്ളനിറമടിച്ച ടൂറിസ്റ്റ് ബസുകളുടെ മധ്യഭാഗത്ത് ചാരനിറത്തിനുപകരം വയലറ്റും ഗോള്‍ഡും നിറങ്ങളാവാമെന്നാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസമാണ് ഏകീകൃത നിറം സംബന്ധിച്ച്‌ സര്‍ക്കാര്‍ നിര്‍ദ്ദേശമിറങ്ങിയത്. അതനുസരിച്ച്‌ ടൂറിസ്റ്റു ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയും മാത്രമേ പാടുള്ളൂ എന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. മുന്‍വശത്ത് ടൂറിസ്റ്റ് എന്ന് മാത്രമേ എഴുതാവൂ എന്നും നിര്‍ദ്ദേശിച്ചിരുന്നു. ആ നിര്‍ദ്ദേശമാണ് ഇപ്പോള്‍ മയംവരുത്തിയിരിക്കുന്നത്. നേരത്തേ വശങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരുന്ന വെള്ള പശ്ചാത്തലത്തില്‍ ചാരനിറത്തിലുള്ള വരകള്‍ക്കു പകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലെ വരയുമാണ് പുതുതായി അനുവദിച്ചത്. ഇവ തമ്മില്‍ ഒരു സെന്റീമീറ്റര്‍ അകലം വേണം.

പിന്‍വശത്ത് 40 സെന്റീമീറ്റര്‍ വീതിയില്‍ പേരും ഉടമയുടെയോ ഓപ്പറേറ്റുടെയോ മേല്‍വിലാസവും എഴുതാനുള്ള അനുമതിയും നല്‍കി. ടൂറിസ്റ്റ് ബസുടമകളുടെ പരാതിയെത്തുടര്‍ന്ന് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടേതാണ് പുതിയ തീരുമാനം. ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടുന്ന കോണ്‍ട്രാക്റ്റ് ക്യാരേജ് വിഭാഗത്തിലെ എല്ലാ വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. 13ല്‍ കൂടുതല്‍ സീറ്റുകളുള്ള മിനിവാനുകള്‍ക്കും നിറംമാറ്റം വേണ്ടിവരും. മാര്‍ച്ച്‌ മുതല്‍ നിറംമാറ്റം നിലവില്‍വരും. നിലവില്‍ മറ്റ് നിറങ്ങള്‍ അടിച്ചിട്ടുള്ള ബസുകള്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്ബോള്‍ വെള്ളനിറത്തിലേക്ക് മാറണം.

ബസിന്റെ ഉള്ളിലെ ലൈറ്റുകളും സീറ്റുകള്‍ അടക്കമുള്ളവ എങ്ങനെ വേണമെന്ന് കേന്ദ്ര ഗതാഗതനിയമത്തില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെയാണ് പല നിയമലംഘനങ്ങളും നടക്കുന്നത് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമാണ് ഇതിനൊക്കെ കാരണം. ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകള്‍ തന്നെ ഗതാഗത കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. സംസ്ഥാനത്ത് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് 2018 ഏപ്രില്‍ മുതല്‍ ഏകീകൃത നിറം നിര്‍ബന്ധമാക്കിയിരുന്നു. സിറ്റി, മൊഫ്യൂസല്‍, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ സര്‍വ്വീസുകളുടെ തരം അനുസരിച്ച്‌ മൂന്നുതരം നിറങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇതേ മാതൃകയില്‍ കോണ്‍ട്രാക്‌ട് ക്യാരേജ് ബസുകള്‍ക്കും യൂണീഫോം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.