Sunday, 27th April 2025
April 27, 2025

കുഴിച്ചുമൂടിയ 2000 ലിറ്റര്‍ മദ്യം അരിച്ചിറങ്ങി കിണറ്റിലെത്തി, നാട്ടുകാരുടെ കുടിവെള്ളം മുട്ടി

  • February 4, 2020 7:00 pm

  • 0

ചാലക്കുടി: എക്‌സൈസ് പിടിച്ചെടുത്ത രണ്ടായിരത്തോളം ലിറ്റര്‍ വിദേശമദ്യം കിണറിനടുത്ത് കുഴിയെടുത്ത് ഒഴിച്ചത് 18 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു.

മദ്യം മണ്ണിലൂടെ അരിച്ചിറങ്ങി കിണറുകളില്‍ എത്തിയതാണ് സമീപത്തെ ഫ്‌ളാറ്റിലെ കുടുംബങ്ങളുടെ കുടിവെള്ളം മുടക്കിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ വെള്ളത്തിന് മദ്യത്തിന്റെ മണമായിരുന്നു.

അപ്രതീക്ഷിതമായി കിണര്‍വെള്ളം മദ്യമയമായതോടെ വീട്ടുകാര്‍ നട്ടംതിരിഞ്ഞു. രാവിലെ സ്‌കൂളില്‍ പോകാനും ഓഫീസില്‍ പോകാനും കഴിയാതായി. ഇതോടെ, നഗരസഭാ അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഫ്‌ളാറ്റിലേക്ക് അടിയന്തരമായി ടാങ്കറില്‍ വെള്ളം എത്തിക്കുകയും ചെയ്തു. എത്രയും വേഗം കിണര്‍ ശുചീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉറപ്പുനല്‍കിയതായി ഫ്‌ളാറ്റ് ഉടമ പറഞ്ഞു. കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ രണ്ട് കണക്ഷനുകളും ഇവര്‍ക്ക് നല്‍കും.

കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ബിയര്‍ പാര്‍ലറില്‍ നേരത്തേ സ്റ്റോക്ക് ഉണ്ടായിരുന്ന മദ്യമാണ് പിടിച്ചെടുത്തത്.

ബാറായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ വിദേശമദ്യവില്‍പ്പന നിരോധിച്ച നാലരവര്‍ഷം മുമ്ബുള്ള മദ്യമാണ് എക്‌സൈസ് വകുപ്പിന്റെ അനുമതിയോടെ കുഴിച്ചുമൂടിയത്.