
കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും വന്നത് ഒരേവിമാനത്തില്‍
February 4, 2020 9:49 am
0
ആലപ്പുഴ: കൊറോണ ബാധിതനായി ആലപ്പുഴയില്‍ കഴിയുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുള്‍പ്പെടെ ചൈനയിലെ വുഹാനില്‍ നിന്ന് ജനുവരി 24-ന് കേരളത്തിലെത്തിയത് 36 പേര്‍. ഇതില്‍ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂവരും വിമാനത്തില്‍ അടുത്തടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്തവര്‍.
തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പം വന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും ആരോഗ്യവകുപ്പ് കര്‍ശന നിരീക്ഷണത്തിലാക്കി. ആലപ്പുഴയിലെ വിദ്യാര്‍ഥിയില്‍ നിന്നാണ് ഇവരുടെയെല്ലാം മേല്‍വിലാസം ആരോഗ്യവകുപ്പ് ശേഖരിച്ചത്.
കഴിച്ചത് കേരള ഭക്ഷണം; വുഹാനില്‍ തണുപ്പ് കൂടുതല്‍
ആലപ്പുഴ: വുഹാനില്‍ മെഡിക്കല്‍ പഠനത്തിന് കേരളത്തില്‍ നിന്നു പോയ വിദ്യാര്‍ഥികള്‍ മിക്കവാറും കൂട്ടായാണ് താമസിച്ചിരുന്നത്. വുഹാനിലെ മെഡിക്കല്‍ കോളേജില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികളുണ്ടായിരുന്നു.
വുഹാനില്‍ തണുപ്പ് കൂടുതലാണ്. രണ്ടാം വര്‍ഷം പഠിക്കുന്നവരാണ് ആലപ്പുഴയില്‍ കൊറോണ വൈറസ് ബാധിച്ചയാളും കൂട്ടുകാരും. അത്ര മാരകമല്ലെന്ന വിശ്വാസമാണ് വിദ്യാര്‍ഥികള്‍ക്കെല്ലാമുണ്ടായിരുന്നത്. കേരളരീതിയിലുള്ള ഭക്ഷണംമാത്രമാണ് അവിടെ ഇവര്‍ കഴിച്ചിരുന്നത്.
ആലപ്പുഴയിലെ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. ആലപ്പുഴയിലെയും തൃശ്ശൂരിലെയും കൊറോണബാധിതരായ വിദ്യാര്‍ഥികള്‍ തമ്മില്‍ വീഡിയോ കോളിലൂടെ ആരോഗ്യവിവരം പങ്കുവെച്ചതായി രക്ഷിതാവ് പറഞ്ഞു.
വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ ഇടപഴകിയ ആളുകളെയെല്ലാം 28 ദിവസം നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെഭാഗമായി മെഡിക്കല്‍ കോളേജിനു പുറമേ ജില്ലാ താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചു. ഭൂരിഭാഗംപേരെയും വീടുകളില്‍ത്തന്നെ ഒറ്റയ്ക്കാക്കിയാണ് നിരീക്ഷണം.
തൃശ്ശൂരിലെ വിദ്യാര്‍ഥിനിയുടെ രണ്ടാം ഫലവും പോസിറ്റീവ്
തിരുവനന്തപുരം: രാജ്യത്ത് ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച തൃശ്ശൂരിലെ വിദ്യാര്‍ഥിനിയുടെ രണ്ടാം സ്രവപരിശോധനാ ഫലവും പോസിറ്റീവ്. മൂന്നു ദിവസം മുന്പ് പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്ബിളിന്റെ ഫലത്തിലാണ് ഇക്കാര്യമുള്ളത്. തിങ്കളാഴ്ച വീണ്ടും സ്രവമെടുത്ത് ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഈ കുട്ടി. ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.