Sunday, 27th April 2025
April 27, 2025

കള്ളികള്‍ പുറത്താവുമോയെന്ന് ഭയം; മാത്യുവിന്റെ മദ്യപാനം മുതലെടുത്ത് ജോളിയുടെ സയനൈഡ് പ്രയോഗം

  • February 3, 2020 2:00 pm

  • 0

വടകര: എല്ലാവരും ആത്മഹത്യയെന്ന് ഉറപ്പിച്ച പൊന്നാമറ്റം റോയി തോമസിന്റെ മരണത്തില്‍ സംശയത്തിന്റെ ഒരു തരി പോലും ആര്‍ക്കുമുണ്ടാകരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു ജോളിക്ക്. അതേപോലെ സംഭവിക്കുകയും ചെയ്തു. പക്ഷെ റോയിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് മാത്യു മഞ്ചാടിയില്‍ രംഗത്തു വന്നത് ജോളിയെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്.

റോയിയുടെ മരണത്തിന് പിന്നില്‍ ജോളിയുടെ കരങ്ങളുണ്ടോയെന്ന സംശയം മാത്യു പല സുഹൃത്തുക്കളോടും പങ്കുവെച്ചതും സ്വത്തിന്റെ കാര്യത്തിലടക്കം മാത്യുവിന്റെ വാക്കിന് വീട്ടുകാര്‍ വില കൊടുക്കാന്‍ തുടങ്ങിയതും ജോളിയെ പ്രകോപിപ്പിച്ചു.

മാത്യുവിന്റെ മദ്യപാനശീലവും തന്നോടുള്ള ബന്ധവും അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ജോളി മുതലെടുത്തുമാത്യുവിന്റെ വീട്ടില്‍ എപ്പോഴും കയറിച്ചെല്ലാന്‍ ജോളിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അങ്ങനെ 2014 ഫെബ്രുവരി 24ന്, മാത്യുവിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ കട്ടപ്പനയില്‍ ഒരു വിവാഹത്തിന് പോയ സമയത്ത് ജോളി മാത്യുവിന്റെ വീട്ടിലെത്തി. മദ്യത്തില്‍ സയനൈഡ് കലര്‍ത്തി കൈയില്‍ കരുതിയിരുന്നു. മാത്യുവിന് മദ്യം നല്‍കിയ ശേഷം അവിടെനിന്ന് തിരിച്ചുപോയി. മരണം ഉറപ്പാക്കാന്‍ കുറച്ചുസമയം കഴിഞ്ഞ് എത്തിയപ്പോള്‍ ഛര്‍ദിച്ച്‌ അവശനായ മാത്യുവിനെയാണ് കണ്ടത്.

മാത്യു വെള്ളം ചോദിച്ചപ്പോള്‍ അതിലും സയനൈഡ് കലര്‍ത്തി നല്‍കി. മരണം ഉറപ്പാക്കി ആളുകളെ വിളിച്ചുകൂട്ടി ഓമശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചതും ജോളി തന്നെയായിരുന്നു. മാത്യുവിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നുവെന്നും ഹൃദ്രോഗി ആയിരുന്നുവെന്നം ഡോക്ടറെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനും അത് മെഡിക്കല്‍ രേഖയില്‍ ചേര്‍ക്കാനും ജോളിക്ക് കഴിഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ച്‌ മാത്യുവിന് ആന്‍ജിയോഗ്രാം മാത്രമാണ് എടുത്തതെന്നും ആന്‍ജിയോ പ്ലാസ്റ്റിക് വിധേയനായിട്ടില്ല എന്നുമുള്ള വിവരം പോലീസിന് ലഭിച്ചത്. മാത്രമല്ല മരിക്കുന്നതിന് പത്തുദിവസം മുന്‍പ് മാത്യു ഡോക്ടറിനെ കാണുകയും പൂര്‍ണ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍മാരുടെ ഈ മൊഴികളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ജോളി രണ്ടാമത് മാത്യുവിന്റെ വീട്ടിലെത്തിയപ്പോള്‍ ഇളയമകനേയും കൂടെ കൂട്ടിയിരുന്നു. കുട്ടിയുടെ മൊഴിയും നിര്‍ണായകമായി. ഒപ്പം മൂന്നംഗ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച്‌ നടത്തിയ അന്വേഷണത്തിലും മാത്യുവിന്റെ മരണം കൊലപാതകം എന്നതിലേക്കെത്തുകയായിരുന്നു.