Sunday, 27th April 2025
April 27, 2025

സ്വന്തമായി കാര്‍ നിര്‍മ്മിച്ച്‌ യുവാവ്; ചേര്‍ത്തലക്കാരന്‍ രാഗേഷ് ഫോക്സ് വാഗണ്‍ ബീറ്റ് മോഡല്‍ കാര്‍ നിര്‍മ്മിച്ചത് വെറും 40,000 രൂപയ്ക്ക്

  • January 31, 2020 8:00 pm

  • 0

ചേര്‍ത്തല: സ്വന്തമായി കാര്‍ നിര്‍മ്മിച്ച്‌ യുവാവ് താരമാകുന്നു. ചേര്‍ത്തല സ്വദേശിയായ രാഗേഷ് ബാബുവാണ് സ്വന്തമായി കാര്‍ ഉണ്ടാക്കി നാട്ടിലെ സ്റ്റാറായി മാറിയത്. വെറും 40,000 രൂപ ചെലവില്‍ ഫോക്സ് വാഗണ്‍ ബീറ്റ് മോഡല്‍ കാര്‍ ആണ് രാഗേഷ് ബാബു നിര്‍മ്മിച്ചത്. വയലാര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കളവംകോടം ഇന്ദ്രധനുസില്‍ സുരേഷിന്റെ മകന്‍ ആണ് രാഗേഷ് ബാബു.

നേരത്തെ ബൈക്കിന്റെ എന്‍ജിന്‍ ഉപയോഗിച്ച്‌ ജീപ്പ്, ഹാര്‍ഡ്ലി ഡേവിഡ്സണ്‍ ബൈക്ക്, സ്പോര്‍ട്സ് ബൈക്ക് എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. ഓട്ടോകാസ്റ്റ് ജീവനക്കാരനാണ് രാഗേഷ്. സുസുക്കി സമുറായ് ബൈക്കിന്റെ ടു സ്ട്രോക്ക് എന്‍ജിനാണ് കാറിന് ഉപയോഗിച്ചത്. ജി.. പൈപ്പുകൊണ്ട് ചെയ്സ് ഒരുക്കി. പഴയ ടയറും ബൈക്കിന്റെ വിവിധ ഭാഗങ്ങളും ചെയ്സിനായി ഉപയോഗിച്ചു. റിവേഴ്സ് ഗിയറില്ലാതെയായിരുന്നു ആദ്യം കാര്‍ പണി പൂര്‍ത്തിയാക്കിയത്. പിന്നീട് ഇതു മാറ്റി മഹേന്ദ്ര ബൈക്കിന്റെ സെല്‍ഫ് ബാറ്ററി ഘടിപ്പിച്ചു.

പിതാവ് സുരേഷിന്റെ ലെയ്ത്ത് വര്‍ക്ക്ഷോപ്പിലാണ് സ്പെയര്‍ പാര്‍ട്ട്സുകള്‍ നിര്‍മ്മിച്ചത്. .ടി.ഐ ഫിറ്റര്‍ ട്രേഡ് പാസായ രാഗേഷിന് പുതിയ വാഹനങ്ങളുടെ മാതൃകയില്‍ കാറുകളും ബൈക്കുകളും നിര്‍മ്മിക്കുന്നത് ഹരമാണ്. പുതിയതായി നിര്‍മ്മിച്ച കാര്‍ റോഡിലിറക്കണമെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതി ലഭിക്കണം. അതിനുള്ള ശ്രമം തുടങ്ങിയതായും ലംബോര്‍ഗിനി കാറിന്റെ മോഡല്‍ നിര്‍മ്മിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും പണം കണ്ടെത്തിയാല്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും രാഗേഷ് പറഞ്ഞു. പിന്തുണയുമായി മാതാപിതാക്കളായ സുരേഷും ഇന്ദുവും ഭാര്യ മേഘയും സുഹൃത്തുക്കളായ അമല്‍, അരവിന്ദ്, അനന്തു എന്നിവരും ഒപ്പമുണ്ട്.