
സര്‍ക്കാര്‍ എതിര്‍ത്തു: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നോട്ടീസ് തള്ളി
January 31, 2020 12:00 pm
0
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷ നേതാവിന്റെ നോട്ടീസിന് അവതരണാനുമതിയില്ല. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് നോട്ടീസിന് അനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചത്.
മുഖ്യമന്ത്രിയോ പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ ബാലനോ പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് യോജിച്ചില്ല. പ്രതിപക്ഷം യോഗത്തിന്റെ തീരുമാനത്തോട് വിയോജിച്ചു. കാര്യോപദേശക സമിതിയില്‍ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുമ്ബോള്‍ കാര്യോപദേശക സമിതിക്ക് വിടണമെന്ന് പ്രതിപക്ഷം വീണ്ടും ആവശ്യപ്പെട്ടേക്കും.
തിങ്കളാഴ്ച സഭയില്‍ വിഷയം വീണ്ടും ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. കാര്യോപദേശക സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തലയ്ക്ക് സഭയില്‍ ഇക്കാര്യത്തില്‍ സംസാരിക്കാനും നിലപാട് വ്യക്തമാക്കാനും കഴിയും.
പ്രമേയത്തിന്റെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ചട്ടപ്രകാരമല്ല പ്രതിപക്ഷ നേതാവ് നോട്ടീസ് നല്‍കിയത്. ഇല്ലാത്ത കീഴ് വഴക്കം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു.