കൊറോണ വൈറസ്: ആഗോള ആരോഗ്യ അടയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
January 31, 2020 9:54 am
0
ബെയ്ജിങ്: ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിലാണ് നടപടി. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്താത്ത രാജ്യങ്ങളിലേക്ക് വൈറസ് വ്യാപനം നടന്നാല്‍ വലിയ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നല്‍കുന്നുണ്ട്. യു.എന്നിനുകീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ അംഗരാജ്യങ്ങള്‍ സ്വീകരിക്കേണ്ടിവരും.
എല്ലാ രാജ്യങ്ങളും പരമാവധി വിഭവങ്ങള്‍ സമാഹരിച്ച് കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാക്കണം. അവികസിത രാജ്യങ്ങള്‍ക്ക് സാധ്യമായ പിന്തുണ നല്‍കാന്‍ ലോകബാങ്ക് ഉള്‍പ്പെടെയുള്ള ഏജന്‍സികളും സമ്ബന്ന രാജ്യങ്ങള്‍ തയാറാകണം. രോഗനിര്‍ണയം, മുന്‍കരുതല്‍ നടപടികള്‍, ചികില്‍സാ സൗകര്യം എന്നിവക്കായി വ്യക്തമായ പദ്ധതി ആവിഷ്‌കരിക്കാനും മുഴുവന്‍ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.
ചൈനയില്‍ ഇതുവരെ കൊറോണ ബാധിച്ച് 213 പേരാണ് മരിച്ചത്. 9171 പേര്‍ക്കാണ് ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ 31 പ്രവിശ്യകള്‍ കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു. ഗൂഗിള്‍ അടക്കമുള്ള കമ്ബനികള്‍ ചൈനയിലെ ഓഫിസുകള്‍ പൂട്ടി.
ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ ഇതു വരെ കൊറോണ മൂലം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജര്‍മ്മനി, ജപ്പാന്‍, തായ്‌ലാന്‍ഡ്, ദക്ഷിണകൊറിയ, ആസ്‌ത്രേലിയ, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ്, എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലം കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. രോഗിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.