Sunday, 27th April 2025
April 27, 2025

ആരിഫ് മുഹമ്മദ് ഖാനെ ബിഗ് ബോസ് പരിപാടിയിലേക്ക് പറഞ്ഞുവിടണം; ഗവര്‍ണക്കെതിരേ പരിഹാസവുമായി ശബരീനാഥന്‍ എംഎല്‍എ

  • January 28, 2020 1:00 pm

  • 0

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ മോശം പരാമര്‍ശവുമായി കെ.എസ്. ശബരീനാഥന്‍ എംഎല്‍എ. ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കുന്ന ആളാണ് ഗവര്‍ണര്‍. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായതുകൊണ്ട് ആകാം അങ്ങനെ. എവിടെ ആള്‍ക്കൂട്ടം കണ്ടാലും അദ്ദേഹം പ്രസ്താവന ഇറക്കും. ഗവര്‍ണറെ കേരളത്തില്‍ നിന്നു പിരിച്ചുവിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അങ്ങനെ അദ്ദേഹത്തെ പറഞ്ഞു വിടാന്‍ പറ്റിയ സ്ഥലമാണ് ബിഗ് ബോസ് ഷോ. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയാല്‍ ജയിക്കാന്‍ സാധ്യതയുള്ള ആളാണ് ഗവര്‍ണറെന്നും ശബരിനാഥന്‍ എംഎല്‍എ പരിഹസിച്ചു. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഗവര്‍ണക്കെതിരേ മോശം പരാമര്‍ശവുമായി ശബരീനാഥന്‍ രംഗത്തെത്തിയത്.

ഗവര്‍ണര്‍ ഇപ്പോള്‍ ബാലരാമപുരം വഴി കോവളത്തേക്ക് പോകുന്ന വഴി ആണെങ്കില്‍ പോലും നമ്മുടെ ഈ കൂട്ടം കണ്ടാല്‍ ഇവിടെ നിന്ന് പ്രസംഗിക്കും. അതാണ് രീതിയെന്ന് ശബരീനാഥന്‍. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണറും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ അതിരൂക്ഷ ഭാഷയിലാണ് ഗവര്‍ണര്‍ക്കെതിരെ രംഗത്തുവന്നത്. ഗവര്‍ണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതിനെ പിന്നാലെയാണ് ഗവര്‍ണക്കെതിരേ മോശം പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ രംഗത്തെത്തിയത്.