Sunday, 27th April 2025
April 27, 2025

മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതില്‍ ഒരു തെറ്റുമില്ല; കെ എം ബഷീര്‍

  • January 28, 2020 12:00 pm

  • 0

മലപ്പുറം: ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതില്‍ ഒരു തെറ്റുമില്ലെന്ന് മുസ്ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ.എം.ബഷീര്‍. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രതിഷേധത്തില്‍ പങ്കെടുത്ത കെ.എം.ബഷീറിനെ പുറത്താക്കിയ ലീഗ് നേതൃത്വത്തിന്‍റെ നടപടിക്കാണ് മറുപടി. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ ഇനിയും പങ്കെടുക്കുമെന്നും ഒരടി പിന്നോട്ടില്ലെന്നും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും യോജിക്കേണ്ടിവരുമെന്നുo കെ.എം.ബഷീര്‍ പ്രതികരിച്ചു.

പാര്‍ട്ടി നടപടിയെക്കുറിച്ചു ഇതുവരെ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ഇകഴ്ത്തി സംസാരിച്ചു എന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിന്‍റെ ബാലപാഠം അറിയുന്നവര്‍ക്ക് പോലും അറിയാം . ഒറ്റപ്പെട്ട് പോയാല്‍ സമരം ദുര്‍ബലമാകും. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന പ്രതിഷേധമാണ്. സി.പി.എം എന്ന് മാത്രമല്ല മുസ്ലീം ജനപക്ഷത്ത് നില്‍ക്കുന്ന ഏത് സമരത്തിനും പിന്തുണ നല്‍കുമെന്ന് കെ.എം.ബഷീര്‍ പറഞ്ഞു.

പിണറായി വിജയന് പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതൃത്വമാകാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു. കൂട്ടായ പോരാട്ടം വേണമെന്ന അഭിപ്രായത്തോട് എ.കെ.ആന്‍റണിക്ക് വരെ യോജിപ്പാണ് . പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും മുസ്‌ലിം ലീഗുകാരന്‍ തന്നെയായിരി തുടരുമെന്നും കെ.എം.ബഷീര്‍ പ്രതികരിച്ചു.