
മംഗളൂരു എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ച പ്രതിയുടെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരം
January 27, 2020 6:00 pm
0
മംഗളൂരു: മംഗളൂരു എയര്‍പോര്‍ട്ടില്‍ സ്‌ഫോടക വസ്തു വെച്ച സംഭവത്തില്‍ അറസ്റ്റിലായ ഉഡുപ്പി സ്വദേശിയുടെ ബാങ്ക്ലോക്കറില്‍ സയനൈഡ് ശേഖരം. ഉഡുപ്പി സ്വദേശി ആദിത്യ റാവുവിന്റെ ലോക്കറില്‍ നിന്നാണ് അന്വേഷണസംഘം സയനൈഡ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധയില്‍ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്ന വെളുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കര്‍ണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിന്റെ ലോക്കറില്‍ നിന്നാണ് സയനൈഡ് കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനായി സൂക്ഷിച്ച സയനൈഡ് ആണ് ഇതെന്നാണ് ആദിത്യ റാവുവിന്റെ ബന്ധുക്കള്‍ നല്‍കുന്ന വിശദീകരണം. സയനൈഡ് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണസംഘം ആദിത്യ റാവുവിനെ ചോദ്യം ചെയ്തു വരികയാണ്.
ജനുവരി 20നാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ലഭിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ താനാണ് ബോംബ് വെച്ചതെന്ന് അവകാശപ്പെട്ട് ആതിത്യ റാവു പോലീസിന് മുന്നില്‍ സ്വയം കീഴടങ്ങുകയായിരുന്നു.