
കാട്ടാക്കടയിലെ അരുംകൊല: മുഖ്യപത്രി സജു കീഴടങ്ങി, എല്ലാ പ്രതികളും പിടിയില്‍
January 27, 2020 11:02 am
0
തിരുവനന്തപുരം: കാട്ടാക്കടയില്‍ ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയായ സജുവാണ് ഇന്ന് പുലര്‍ച്ചയോടെ പൊലീസിന് മുന്‍പില്‍ കീഴടങ്ങിയത്. സജു കീഴടങ്ങിയതോടെ കേസിലെ പ്രതികളെല്ലാം ഇപ്പോള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ കീഴാറ്റൂര്‍ കാഞ്ഞിരംവിള ശ്രീമംഗലം വീട്ടില്‍ സംഗീതിനെ കഴിഞ്ഞയാഴ്ചയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.
സംഗീതിനെ കൊലപ്പെടുത്തിയതില്‍ നേരിട്ട് പങ്കുള്ള ആറുപേര്‍, പ്രതികള്‍ക്ക് സഹായങ്ങള്‍ ഏര്‍പ്പാടാക്കിയ അഞ്ചിലേറെ പേര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇപ്പോള്‍ പൊലീസ് പിടിയിലായിട്ടുള്ളത്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയ പാലോട്ടുകോണം സ്വദേശി ഉണ്ണി, ഒറ്റശേഖരമംഗലം സ്വദേശി അനീഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ജെ.സി.ബി കൊണ്ടാണോ ടിപ്പര്‍ കൊണ്ടാണോ പ്രതികള്‍ സംഗീതിനെ വകവരുത്തിയത് എന്നറിയുന്നതിനായി വാഹനങ്ങളുടെ ഫോറന്‍സിക് പരിശോധന പൊലീസ് നടത്തിയിരുന്നു.
അതേസമയം മണ്ണ് മാഫിയ വീട്ടിലെത്തിയപ്പോള്‍ തന്നെ പൊലീസിനെ വിളിച്ചെങ്കിലും അപ്പോള്‍ അവര്‍ വന്നില്ലെന്ന് സംഗീതിന്റെ ഭാര്യ ആരോപിക്കുന്നു. രാത്രി 12.40ന് തന്നെ പൊലീസിനെ വിളിച്ചെങ്കിലും സംഗീത് ആക്രമിക്കപ്പെട്ട ശേഷം ഒന്നരയോടെയാണ് പൊലീസ് എത്തിയതെന്നാണ് ഇവര്‍ പറയുന്നത്. തന്റെ സ്ഥലത്തുനിന്നും അനുമതിയില്ലാതെ മണ്ണ് കടത്താനുള്ള പ്രതികളുടെ നീക്കത്തെ തടഞ്ഞതിനാണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ സംഗീതിനെ ഇവര്‍ കൊലപ്പെടുത്തിയത്.