
ഭീതി പരത്തി കൊറോണ, കണ്ണൂരില്‍ 12 പേര്‍ നിരീക്ഷണത്തില്‍, ചൈനയില്‍ മരണം 80 ആയി: യു.എസിലും തായ്‌വാനിലും പടരുന്നു
January 27, 2020 10:00 am
0
ബെയ്ജിംഗ്: അതിവേഗം പടരുന്ന കൊറോണ വെെറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബെ പ്രവിശ്യയില്‍ 24 മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനിടെ ചൈനയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയര്‍ന്നു. പുതിയതായി 769 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 461 പേരുടെ നില അതീവഗുരുതരമാണ്. പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ പകുതിയും ഹൂബെയില്‍ നിന്നാണ്.
അതേസമയം, ചൈനയില്‍ നിന്നും കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കും. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ 28 ദിവസത്തേക്കായിരിക്കും നിരീക്ഷിക്കുക. യു.എസിലും തായ്‍വാനിലും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. കൊറോണ പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്. ഷാന്‍ഡോംഗ്, ബെയ്ജിംഗ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിന്‍ തുടങ്ങി സ്ഥലങ്ങളിള്‍ കടുത്ത യാത്രാനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനെ തുടര്‍ന്ന് എല്ലാ വന്യമൃഗങ്ങളേയും വില്പന നടത്തുന്നതിന് ചൈന വിലക്കേര്‍പ്പെടുത്തി. വന്യമൃഗങ്ങളില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണിത്. അതേസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈറസ് പടരുന്നതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വൈറസ് ശക്തിപ്പെടുമെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.