Thursday, 23rd January 2025
January 23, 2025

2019ലെ എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്

  • November 1, 2019 9:00 pm

  • 0

നോവലിസ്റ്റും ചെറുകഥാകൃത്തും രാഷ്ട്രീയചിന്തകനുമായ ആനന്ദിന് എഴുത്തച്ഛന്‍ പുരസ്‌കാരം. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കേരള സർക്കാർ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. അദ്ദേഹത്തിന്റെ കൃതികളെല്ലാം മനുഷ്യ ജീവിതത്തിന്റെ സങ്കീര്‍ണാനുഭവങ്ങളെ ദാര്‍ശനികതയും തത്വചിന്തയുംചേര്‍ന്ന സവിശേഷ ഭാഷയില്‍ ആവിഷ്‌കരിച്ചവയായിരുന്നു.

രാഷ്ട്രീയസാമൂഹ്യശാസ്ത്ര വിശകലനങ്ങളിലൂടെ സമകാലിക സമൂഹത്തെ ആഴത്തില്‍ രേഖപ്പെടുത്തിയ ചിന്തകന്‍ കൂടിയായിരുന്നു അദ്ദേഹം.’അഭയാര്‍ഥികള്‍‘,മരണസര്‍ട്ടിഫിക്കറ്റ്‘, ‘ആള്‍ക്കൂട്ടം‘, ‘മരുഭൂമികള്‍ ഉണ്ടാകുന്നത്‘,’ഗോവര്‍ധന്റെ യാത്രകള്‍‘, ‘ഒടിയുന്ന കുരിശ്‘, ‘നാലാമത്തെ ആണിതുടങ്ങിയ ആനന്ദിന്റെ കൃതികള് പ്രശസ്തങ്ങളാണ്. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയിട്ടുണ്ട്. അദ്ദേഹം പട്ടാളത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഔദ്യോഗിക ജീവിതത്തില്‍ അദ്ദേഹം സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ പ്ലാനിങ് ഡയറക്ടറായി വിരമിച്ചു. വ്യത്യസ്ത വിഭാഗങ്ങളായി അദ്ദേഹം ഇരുപതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. മരുഭൂമികള്‍ ഉണ്ടാവുന്നത് എന്ന നോവലിന് വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2012 ൽ വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ആനന്ദിന് ലഭിച്ചിട്ടുണ്ട്. പ്രശസ്തിപത്രവും അഞ്ചുലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം