1000 കിടക്കകളോടു കൂടി 2.70ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള ആതുരാലയം; കൊറോണ രോഗികള്‍ക്കായി ഒരാഴ്ചക്കുള്ളില്‍ പുതിയ ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന
January 25, 2020 1:00 pm
0
ബെയ്ജിങ്: കൊറോണ രോഗികള്‍ക്ക് മാത്രമായി ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന. രോഗം അതിവേഗം പടരാന്‍ തുടങ്ങിയതോടെയാണ് ഇവരെ ചികിത്സിക്കാന്‍ മാത്രമായി 1000 കിടക്കകളോടു കൂടി 2.70ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള പുതിയ ആശുപത്രി നിര്‍മിക്കുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായ വൂഹാന്‍ നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് കൂറ്റന്‍ ആശുപത്രിയുടെ നിര്‍മ്മാണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും. ഫെബ്രുവരി 3ന് ആശുപത്രി പ്രവര്‍ത്തനം തുടങ്ങും.
2003ല്‍ സാര്‍സ് വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വെറും ആറ് ദിവസം കൊണ്ട് ചൈന ഒരു കൂറ്റന്‍ ആശുപത്രി നിര്‍മ്മിച്ചിരുന്നു. ബീജിംഗിലെ ഷിയാവോതാങ്ഷാനില്‍ നിര്‍മ്മിച്ച ആ ആശുപത്രിയുടെ മാതൃകയിലാണ് കൊറോണ ആശുപത്രിയും കെട്ടിപ്പടുക്കുന്നത്. കൊറോണ വ്യാപകമായതോടെ ചൈനയിലെ പത്ത് നഗരങ്ങള്‍ പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിച്ച നിലയിലാണ്.
ഈ നഗരങ്ങളിലെ മൊത്തം ജനസംഖ്യ മൂന്നര കോടിയാണ്. മദ്ധ്യ ചൈനയിലെ ഹ്യൂബേ പ്രവിശ്യയിലെ വൂഹാനും 9 അയല്‍ നഗരങ്ങളുമാണ് ഒറ്റപ്പെട്ട നിലയിലായത്. ഈ നഗരങ്ങളിലെല്ലാം ജനജീവിതം മിക്കവാറും നിശ്ചലമായിട്ടുണ്ട്. തിരക്കുള്ള തെരുവുകളും മാളുകളും എല്ലാം ഏതാണ്ട് വിജനമായി.
റെയില്‍വേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും സബ്വേകളും അടച്ചു. പൊതുസ്ഥലങ്ങളിലെല്ലാം മാസ്‌ക് നിര്‍ബന്ധമാക്കി. ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങി ശേഖരിച്ചതോടെ കടകളിലെ സാധനങ്ങളുടെ സ്റ്റോക്ക് തീര്‍ന്നു.തലസ്ഥാനമായ ബെയ്ജിംഗില്‍ പൊതുപരിപാടികളെല്ലാം റദ്ദാക്കി.
പ്രധാന വിനോദ കേന്ദ്രങ്ങളായ വിലക്കപ്പെട്ട നഗരവും (ഫൊര്‍ബിഡന്‍ സിറ്റി) ഷാങ്ഹായ് ഡിസ്നിലാന്‍ഡും അനിശ്ചിതമായി അടച്ചു. ഒരു വര്‍ഷം ഒന്നര കോടിയിലേറെ സന്ദര്‍ശകര്‍ എത്തുന്ന കേന്ദ്രമാണ് ഫൊര്‍ബിഡന്‍സിറ്റി.
അഞ്ഞൂറ് വര്‍ഷം ചൈനയിലെ മിങ്, ക്വിങ് രാജവംശങ്ങളുടെ ചക്രവര്‍ത്തിമാരുടെ ആസ്ഥാനമായിരുന്ന ഇവിടെ ആയിരത്തോളം മന്ദിരങ്ങള്‍ ഉള്‍പ്പെടുന്ന കൊട്ടാര സമുച്ചയങ്ങളാണ്. ഇപ്പോള്‍ അവയെല്ലാം ലോകപ്രശസ്ത മ്യൂസിയങ്ങളാണ്. ചൈനയുടെ ടൂറിസം വരുമാനത്തിന്റെ നല്ലൊരു പങ്ക് ലഭിക്കുന്ന ഇവിടെ അടച്ചു പൂട്ടുന്നത് സാമ്ബത്തികമായി വലിയ നഷ്ടമുണ്ടാക്കും.