
മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് സെന്‍കുമാറിനെതിരെ കേസെടുത്തു
January 25, 2020 11:00 am
0
തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരെ കേസെടുത്തു. സെന്‍കുമാര്‍, സുഭാഷ് വാസു എന്നിവര്‍ ഉള്‍പ്പടെ 10 പേര്‍ക്കെതിരെയാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് എഫ്.ഐ.ആര്‍ തയാറാക്കിയത്.
തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കടവില്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകനെ സെന്‍കുമാര്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മാധ്യമപ്രവര്‍ത്തകന്‍ മദ്യപിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. സെന്‍കുമാറിനൊപ്പമുണ്ടായിരുന്നവര്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാനും പുറത്താക്കാനും ശ്രമിച്ചു.
മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടാണ് റഷീദിനെ കൈയേറ്റം ചെയ്യുന്നത് തടഞ്ഞത്. സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് അബദ്ധമായിരുന്നെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ കുറിച്ച് റഷീദ് ചോദിച്ചതാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്.