
സെമി ഹൈ സ്പീഡ് റെയില്‍പാത; ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ തുടങ്ങാന്‍ തീരുമാനം
January 24, 2020 5:00 pm
0
തിരുവനന്തപുരം: സെമി ഹൈ സ്പീഡ് റെയില്‍ പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. 1226 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്ക് വേണ്ടത്.
എന്നാല്‍, നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമായി പുതിയപാത പോകുന്ന ഭാഗത്ത് റെയില്‍വേയ്ക്കുള്ള അധിക ഭൂമി ഈ പദ്ധതിക്ക് ഉപയോഗിക്കാമെന്ന് റെയില്‍വേ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. ഏകദേശം 200 ഹെക്ടര്‍ ഭൂമി ഇത്തരത്തില്‍ ലഭിക്കും. ബാക്കിയുള്ള ഭൂമി ഏറ്റെടുത്താല്‍ മതിയാകും. സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് ആവശ്യമായ ലാന്‍ഡ് അക്വസിഷന്‍ സെല്ലുകള്‍ ഉടനെ ആരംഭിക്കും.
532 കിലോമീറ്ററാണ് റെയില്‍വേ പാതയുടെ നീളം. ഇതിന്റെ ഭാഗമായുള്ള ആകാശ സര്‍വേയും ട്രാഫിക് സര്‍വേയും പൂര്‍ത്തിയായി. 2020 മാര്‍ച്ചില്‍ അലൈന്‍മെന്റിന് അവസാന രൂപമാകും. ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കാനും 2024 –ല്‍ പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യം.
നിര്‍ദിഷ്ട സെമി ഹൈസ്പീഡ് റെയില്‍പാതയിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗം 200 കിലോമീറ്റര്‍ എന്നത് റെയില്‍വേ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.
ഇതിന്‍പ്രകാരം, തിരുവനന്തപുരത്തു നിന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെത്താന്‍ സാധിക്കും. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടെത്താന്‍ നാലുമണിക്കൂര്‍ മതിയാകും.
ഇന്ത്യന്‍ റെയില്‍വേക്കും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിയുള്ള കമ്ബനിയാണ് 66,000 കോടി രൂപ ചെലവു വരുന്ന പദ്ധതി ഏറ്റെടുക്കുന്നത്. അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളില്‍ നിന്ന് വായ്പയെടുത്താണ് പദ്ധതി നടപ്പാക്കുക. ജര്‍മ്മന്‍ ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്, ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സി (ജൈക്ക) എന്നിവയുമായി വായ്പ സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്.
പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ എം.ഡി വി. അജിത് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.