അടിച്ച് നേടി ഇന്ത്യ; ആദ്യ ട്വന്‍റി20യില്‍ ന്യൂസിലാന്‍ഡിനെതിരെ ആറ് വിക്കറ്റ് ജയം
January 24, 2020 5:00 pm
0
വെല്ലിങ്ടണ്‍: റണ്‍മല ഉയര്‍ത്തിയ ന്യൂസിലാന്‍ഡിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കി വിജയം അടിച്ചെടുത്ത് ടീം ഇന്ത്യ. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 204 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റും ആറ് പന്തും ശേഷിക്കേ മറികടന്നു. സ്കോര്‍: ന്യൂസിലാന്‍ഡ്: 203/5 (20 ഓവര്‍). ഇന്ത്യ: 204/4 (19 ഓവര്‍). അവസാന ഓവറുകളില്‍ ശ്രേയസ് അയ്യര്‍ നടത്തിയ തട്ടുപൊളിപ്പന്‍ ബാറ്റിങ് (പുറത്താകാതെ 58) ഇന്ത്യന്‍ വിജയത്തിന് മുതല്‍ക്കൂട്ടായി.
ഇന്നിങ്സ് തുടക്കത്തില്‍ തന്നെ ഏഴ് റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും കെ.എല്‍. രാഹുലും ചേര്‍ന്ന് തകര്‍പ്പന്‍ അടികളിലൂടെ റണ്‍ ഉയര്‍ത്തുകയായിരുന്നു. ഒമ്ബത് ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. എന്നാല്‍ കെ.എല്‍. രാഹുല്‍ (56), വിരാട് കോഹ്ലി (45) എന്നിവര്‍ അടുത്തടുത്ത് പുറത്തായത് തിരിച്ചടിയായി. പിന്നാലെ ഇറങ്ങിയ ശിവം ദുബെ 13 റണ്‍സെടുത്ത് പുറത്തായി. പിന്നീടെത്തിയ മനീഷ് പാണ്ഡയെ (14) ഒരറ്റത്ത് നിര്‍ത്തി ശ്രേയസ് അയ്യര്‍ പടുകൂറ്റനൊരു സിക്സറിലൂടെ ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കുകയായിരുന്നു.
സ്വന്തം മണ്ണിലെ വമ്ബന്‍ വിജയ പരമ്ബരകള്‍ക്കു ശേഷം ന്യുസിലാന്‍ഡില്‍ പര്യടനത്തിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ട്വന്‍റി 20 മത്സരത്തില്‍ ആതിഥേയര്‍ ഉയര്‍ത്തിയത് വമ്ബന്‍ സ്കോറിന്‍െറ വെല്ലുവിളിയാണ്. 204 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ ന്യൂസിലാന്‍ഡ് അടിച്ചുയര്‍ത്തിയത്. മൂന്ന് അര്‍ധ സെഞ്ച്വറികളുമായി കിവീസ് കാഴ്ചവെച്ച ഉശിരന്‍ ബാറ്റിങ്ങാണ് വമ്ബന്‍ സ്കോറിലേക്ക് അവരെ എത്തിച്ചത്.
ടോസ് നഷ്ടമായെങ്കിലും ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയ കിവീസ് ഇന്ത്യന്‍ ബൗളിങ്ങിനെ തല്ലി പതംവരുത്തി. കോളിന്‍ മണ്‍റോ, ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്, വെറ്ററന്‍ താരം റോസ് ടെയ്ലര് എന്നിവരാണ് അര്‍ധ സെഞ്ച്വറി കുറിച്ചത്. എട്ടാമത്തെ ഓവറില്‍ ആദ്യ വിക്കറ്റില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ പുറത്താകുമ്ബോള്‍ തന്നെ സ്കോര്‍ ബോര്‍ഡില്‍ 80 റണ്‍സ് കയറിക്കഴിഞ്ഞിരുന്നു. 19 പന്തില്‍ 30 റണ്‍സുമായി ശിവം ദുബെയുടെ പന്തില്‍ രോഹിത് ശര്‍മ പിടിച്ചായിരുന്നു ഗുപ്റ്റില്‍ പുറത്തായത്.
42 പന്തില്‍ 59 റണ്‍സുമായി കോളിന്‍ മണ്‍റോ ശാര്‍ദൂല്‍ ഠാക്കൂറിന്‍െറ പന്തില്‍ യുസ്വേന്ദ്ര ചാഹല്‍ പിടിച്ച് പുറത്താക്കി. ഒരു റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമിനെ റണ്ണെടുക്കും മുമ്ബ് ജദേജ മടക്കിയപ്പോള്‍ ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നു എന്ന് തോന്നിച്ചതാണ്. പക്ഷേ, വില്ല്യംസണ് കൂട്ടായി റോസ് ടെയ്ലര് വന്നേതാടെ കളി മാറി.
26 പന്തില്‍ 51 റണ്‍സുമായി കത്തിക്കയറിയ വില്ല്യംസണെ ചഹലിന്‍െറ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പിടികൂടിയപ്പോള്‍ തെല്ലൊരാശ്വാസമായതാണ്. പക്ഷേ, റോസ് ടെയ്ലര് വിശരൂപം പൂണ്ടതോടെ കിവീസിന് റണ്ണെടുക്കാന്‍ മാത്രമായി പന്തെറിയുന്ന പണിയായി ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്. അതിനിടയില്‍ ഒരു റണ്ണെടുത്ത ടിം സെയ്ഫെര്‍ട്ടും പുറത്തായെങ്കിലും 27പന്തില്‍ പുറത്താകാതെ 54 റണ്‍സുമായി റോസ് ടെയ്ലര് തകര്‍ത്താടി. മൂന്നു വീതം സിക്സറുകളും ബൗണ്ടറികളും ടെയ്ലറുടെ ബാറ്റില്‍നിന്നു പിറന്നു.
ജസ്പ്രീത് ബുംറ, ശാര്‍ദൂല്‍ ഠാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, ശിവം ദുബെ, രവീന്ദ്ര ജദേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാലോവറില്‍ 53 റണ്‍സ് വഴങ്ങിയ മുഹമ്മദ് ഷമി തല്ലുകൊണ്ട് പരുവക്കേടിലായി.