Saturday, 26th April 2025
April 26, 2025

വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം കിട്ടും; പക്ഷേ ഇതുവരെ ആരും ചോദിച്ചെത്തിയില്ല

  • January 24, 2020 1:00 pm

  • 0

തിരുവനന്തപുരം: നഗരങ്ങളില്‍ ആറുമണിക്കൂറിനകവും ഗ്രാമങ്ങളില്‍ എട്ടുമണിക്കൂറിനകവും കറന്റ് വന്നില്ലെങ്കില്‍ വൈദ്യുതിബോര്‍ഡ് 25 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് എത്രപേര്‍ക്കറിയാം? ലൈന്‍ പൊട്ടിയാല്‍ നഗരത്തില്‍ എട്ടും ഗ്രാമത്തില്‍ പന്ത്രണ്ടും മണിക്കൂറിനകം വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കിലും കിട്ടും 25 രൂപ നഷ്ടപരിഹാരം.

അധികമാര്‍ക്കും ഇതറിയില്ലെന്നാണുത്തരം. അല്ലെങ്കില്‍ അറിഞ്ഞാലും വേണ്ട. 2014 മുതല്‍ ഇതിന് ബോര്‍ഡ് തയ്യാറായിട്ടും നഷ്ടപരിഹാരം ചോദിച്ച്‌ ഇതുവരെ ആരും ബോര്‍ഡിനെ ബുദ്ധിമുട്ടിച്ചിട്ടില്ല. എന്നാലും സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഈ സംവിധാനത്തിന് കൂടുതല്‍ ചിട്ടവട്ടങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ബോര്‍ഡ്.

നഷ്ടപരിഹാരത്തിനുള്ള വ്യവസ്ഥകള്‍ എന്തൊക്കെ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ആരൊക്കെ, എവിടെ, എങ്ങനെ അപേക്ഷിക്കണം തുടങ്ങിയവ ഉള്‍പ്പെടുത്തിയ സേവന നിലവാരമുറപ്പ് നയത്തിന്റെ കരട് ബോര്‍ഡ് പ്രസിദ്ധീകരിച്ചു. വിവിധ വിഭാഗങ്ങളുടെ അഭിപ്രായം ആരാഞ്ഞശേഷം വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നയത്തിന് അന്തിമരൂപം നല്‍കും.

വൈദ്യുതിമീറ്ററിന് തകരാറുണ്ടായാല്‍ മീറ്റര്‍ പരിശോധിക്കാന്‍ അഞ്ചുദിവസത്തിനകം തയ്യാറാകണം. വൈകുന്ന ഓരോ ദിവസത്തിനും ലോ ടെന്‍ഷന്‍ വിഭാഗത്തില്‍ 25 രൂപയും ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് 50 രൂപയും നല്‍കണം.

പുതിയ കണക്‌ഷന് അപേക്ഷിച്ചാല്‍ സമയബന്ധിതമായി നല്‍കുന്നതുള്‍പ്പെടെ 26 ഇനങ്ങളിലാണ് ബോര്‍ഡ് സേവനനിലവാരം ശുപാര്‍ശ ചെയ്തിട്ടുള്ളത്. കണക്‌ഷന്‍ വൈകിയാല്‍ നൂറുരൂപവരെയാണ് നഷ്ടപരിഹാരം. വോള്‍ട്ടേജില്ലെന്നു പരാതിയുണ്ടായാല്‍ വിതരണശൃംഖല മെച്ചപ്പെടുത്തേണ്ടതില്ലെങ്കില്‍ ഏഴുദിവസത്തിനകം പരിഹരിക്കണം. അല്ലെങ്കില്‍ 120 ദിവസത്തിനകവും. ഇതിലും പരിഹരിക്കാത്ത ഓരോ പരാതിക്കും 25 രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ബില്ലടയ്ക്കാതെ കറന്റ് വിച്ഛേദിച്ചാല്‍ പണമടച്ച്‌ 24 മണിക്കൂറിനകം പുനഃസ്ഥാപിച്ചില്ലെങ്കില്‍ കിട്ടുക 50 രൂപ.

പരാതികള്‍ നിശ്ചിത സമയത്തിനകം പരിഹരിച്ചില്ലെങ്കില്‍ സെക്‌ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കാണ് പരാതി നല്‍കേണ്ടത്. ആ ഉദ്യോഗസ്ഥന്‍ പരിശോധിക്കുമ്ബോള്‍ പരാതി തെറ്റാണെന്നു തോന്നിയാല്‍ പരാതിക്കാരനില്‍നിന്നു തെളിവെടുക്കാം. നഷ്ടപരിഹാരം അനുവദിച്ചാല്‍ അടുത്ത ബില്ലില്‍ തട്ടിക്കിഴിക്കും.

മുന്നറിയിപ്പുകളും

നയത്തില്‍ മുന്നറിയിപ്പുമുണ്ട്. പ്രകൃതിദുരന്തങ്ങള്‍പോലെ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ കറന്റ് പോയാല്‍ ബോര്‍ഡ് കാലണ തരില്ല. ജീവനക്കാരുടെ സമരവും ഇത്തരം കാരണമായാണ് ബോര്‍ഡ് നിര്‍വചിച്ചിരിക്കുന്നത്. നിലയങ്ങളോ വൈദ്യുതി സംവിധാനങ്ങളോ മൊത്തത്തില്‍ തകരാറായാല്‍ അതും പരിഗണിക്കില്ല. റെഗുലേറ്ററി കമ്മിഷന് യുക്തമെന്നു തോന്നുന്ന മറ്റുതരം മുടക്കങ്ങളെയും നഷ്ടപരിഹാരത്തിന് പരിഗണിക്കേണ്ടതില്ല.

29-നു രാവിലെ 10.30-ന് തിരുവനന്തപുരത്തെ ആസ്ഥാനത്ത് ഈ നയത്തിന്മേല്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ജനാഭിപ്രായം തേടും.