കൊറോണ വൈറസ്
January 24, 2020 11:04 am
0
കോട്ടയം: കൊറോണ വൈറസ് ബാധയ്‌ക്കെതിരെ സംസ്ഥാനം ജാഗ്രതയോടെ മുന്നോട്ട്. ചൈനയില്‍ നിന്നെത്തിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി കോട്ടയത്ത് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവര്‍ നിലവില്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അതേസമയം, കൊറോണ വൈറസ് പടരുന്ന വുഹാനില്‍ പെണ്‍കുട്ടികളടക്കമുള്ള 20 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കോഴ്‌സ് പൂര്‍ത്തിയാക്കി ഇന്‍റേണ്‍ഷിപ്പിനായി സര്‍വ്വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളാണ് കുടുങ്ങികിടക്കുന്നത്.
നേരത്തെ ചില വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടര്‍ന്നതോടെ ബാക്കിയുള്ളവര്‍ക്ക് സര്‍വ്വകലാശാല നിയന്ത്രണം കൊണ്ടുവന്നു. 20 മലയാളികളടക്കം 56 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അവിടെയുള്ളത്. വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥര്‍ ചൈനീസ് അധികൃതരുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് എംബസി വ്യക്തമാക്കി.
കൊറോണ വൈറസ് ബാധയ്‌ക്കെതിരെ സംസ്ഥാനം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ചൈനയില്‍ വൈറസ് ബാധിച്ച് ഇതുവരെ 25 പേരാണ് മരണത്തിനു കീഴടങ്ങിയത്. 830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.