കൊറോണ വൈറസ്: മരണസംഖ്യ ഉയരുന്നു, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
January 23, 2020 9:51 am
0
ബെയ്ജിങ്: ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി വ്യാഴാഴ്ച ചേരുന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ബുധനാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനം കൈകൊണ്ടിരുന്നില്ല. കൊറോണ വൈറസിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമാണെന്ന വിലയിരുത്തലില്‍ വ്യാഴാഴച വീണ്ടും യോഗം ചേരാന്‍ ഡബ്ല്യുഎച്ച്‌ഒ സമിതി തീരുമാനിക്കുകയായിരുന്നു.
നേരത്തെ അഞ്ചുതവണ മാത്രമാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. എബോള പടര്‍ന്നപ്പോള്‍ രണ്ടുതവണയും പന്നിപ്പനി, പോളിയോ, സികാ വൈറസ് എന്നീ രോഗങ്ങള്‍ പടര്‍ന്ന സാഹചര്യങ്ങളില്‍ ഒരോ തവണയുമാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.
വൈറസ് ബാധയില്‍ ഇതുവരെ 17 പേരാണ് ചൈനയില്‍ മരണപ്പെട്ടത്. മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വൂഹാന്‍ നഗരത്തിലെ പൊതുഗതാഗതവും വിമാന, ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവിടെയുള്ള ജനങ്ങളോട് നഗരം വിട്ട് പുറത്തുപോകരുതെന്ന നിര്‍ദേശവും അധിതൃതര്‍ നല്‍കിയിട്ടുണ്ട്. ആളുകള്‍ കൂടുന്ന പൊതുസമ്മേളനങ്ങളും മറ്റും ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
ഇതുവരെ ചൈനയില്‍ 470 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മുന്‍കരുതലിന്റെ ഭാഗമായി രണ്ടായിരത്തിലേറെ ആളുകള്‍ നിരീക്ഷണത്തിലുണ്ട്. ജനങ്ങള്‍ വുഹാനിലേക്ക് യാത്ര ചെയ്യുന്നതിനും ചൈനീസ് അധികൃതര്‍ ബുധനാഴ്ച വിലക്കേര്‍പ്പെടുത്തി. യു.എസിലും മക്കാവുവിലും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.