വിനോദ നികുതി: ബ്ലാസ്റ്റേഴ്‌സിനു കൊച്ചി നഗരസഭ നല്‍കിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു
January 22, 2020 3:00 pm
0
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ജിഎസ്ടി നല്‍കുന്നതിനു പുറമേ വിനോദ നികുതി കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി നഗരസഭ നല്‍കിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ വെറിന്‍ ഡിസില്‍വ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
ജിഎസ്ടി നിലവില്‍ വരുന്നതിന് മുമ്ബ് കൊച്ചി നഗരസഭയ്ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് കമ്ബനി വിനോദ നികുതി അടയ്ക്കുന്നുണ്ടായിരുന്നു. നഗരസഭയുടെ പരിധിയിലുള്ള കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ടീമിന്റെ ഹോം മാച്ച് നടക്കുന്നതിനാലായിരുന്നു ഇത്.
ജിഎസ്ടി നിലവില്‍ വന്നതോടെ കാണികള്‍ക്കു വില്‍ക്കുന്ന ടിക്കറ്റിന്റെ 20 ശതമാനം സംസ്ഥാന സര്‍ക്കാര്‍ നികുതിയായി ഈടാക്കുന്നുണ്ട്. ഇതില്‍ നിന്ന് നഗരസഭയുടെ വിഹിതം സര്‍ക്കാര്‍ നല്‍കുന്നുമുണ്ട്. ഇങ്ങനെ വിഹിതം നല്‍കുന്ന സാഹചര്യത്തില്‍ നഗരസഭയുടെ വിനോദനികുതിയില്‍ നിന്ന് വിനോദ പരിപാടികളുടെ സംഘാടകരെ ഒഴിവാക്കുകയും ചെയ്തു. സിനിമാ പ്രദര്‍ശനത്തെ ഇതില്‍ നിന്ന് ഒഴിവാക്കി 10 ശതമാനം വിനോദ നികുതി നല്‍കാന്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശം ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിനോദ നികുതി നല്‍കാന്‍ കഴിഞ്ഞ നവംബറില്‍ നഗരസഭ ബ്ലാസ്റ്റേഴ്‌സിന് നോട്ടീസ് നല്‍കിയത്.
എന്നാല്‍, വിനോദ നികുതി തങ്ങളില്‍ നിന്ന് ഈടാക്കാന്‍ വ്യവസ്ഥയില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ഡിസംബറില്‍ ബ്ലാസ്റ്റേഴ്‌സ് മറുപടി നല്‍കി. നികുതി ആവശ്യപ്പെട്ട് നഗരസഭ വീണ്ടും നോട്ടീസ് നല്‍കിയെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതു നടപ്പാക്കിയാല്‍ ഇരട്ട നികുതി നല്‍കേണ്ട സാഹചര്യമുണ്ടാകുമെന്നതിനാല്‍ നഗരസഭയുടെ നോട്ടീസ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.