ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത കെ എസ് ആര്‍ ടി സി ബസില്‍ നിന്നു തെറിച്ചു വീണു ;വീട്ടമ്മയുടെ കാല്‍ മുറിച്ചു നീക്കി
January 21, 2020 12:12 pm
0
അഞ്ചാലുംമൂട്: ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത കെ എസ് ആര്‍ ടി സി ബസില്‍ നിന്നു തെറിച്ചു വീണ വീട്ടമ്മയുടെ കാല്‍ മുറിച്ചു നീക്കി. തൃക്കടവൂര്‍ പതിനെട്ടാംപടി റോസ് വില്ലയില്‍ ലോയ്ഡിന്റെ ഭാര്യ ഫിലോമിനയുടെ(50) കാലാണ് മുറിച്ചുമാറ്റിയത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ കടവൂര്‍ പള്ളിക്കു മുന്നിലായിരുന്നു അപകടം.
കൊല്ലത്തേക്കു പോയ ബസില്‍ കടവൂര്‍ പള്ളിക്കു മുന്നിലെ സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇതിനിടെ പിടി വിട്ടു പോയ ഫിലോമിന ബസിന്റെ അടിയിലേക്കു മറിഞ്ഞു വീഴുകയും കാലിലൂടെ പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങുകയുമായിരുന്നു.
പരിക്കേറ്റ ഫിലോമിനയെ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചേര്‍ന്നു ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇടതു കാലിനു ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം ഇടതു കാല്‍പാദത്തിനു മുകളില്‍ വച്ചു മുറിച്ചു മാറ്റിയിരുന്നെങ്കിലും ഗുരുതരാവസ്ഥ കണക്കിലെടുത്ത് മുട്ടിനു മുകളില്‍ വച്ചു മുറിച്ചു നീക്കി. സംഭവത്തില്‍ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. വീട്ടില്‍ ട്യൂഷന്‍ സെന്റര്‍ നടത്തി വരികയായിരുന്നു ഫിലോമിന.