
സ്വതന്ത്ര ഇന്ത്യയില്‍ ഗവര്‍ണര്‍ പദവി ആവശ്യമില്ല, ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് യെച്ചൂരി
January 21, 2020 11:08 am
0
ചെന്നൈ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച ഗവര്‍ണര്‍ക്ക് മറുപടിയുമായാണ് യെച്ചൂരി രംഗത്ത് എത്തിയത്.
സംസ്ഥാനത്ത് ഗവര്‍ണറുടെ ഇടപെടലും നിലപാടുകളും ന്യായീകരണമില്ലാത്തതാണെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന പഠിച്ച് മനസിലാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
‘ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഭാഗമാണ് ഗവര്‍ണര്‍. സ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവി ഇല്ലാതാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്‘. സ്വതന്ത്ര ഇന്ത്യയില്‍ ഗവര്‍ണര്‍ പദവിയുടെ പ്രസക്തി എന്തെന്ന് ചിന്തിക്കണമെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ഉയരണമെന്നും അദ്ദേഹം പ്രതികരിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാഹചര്യം എന്തെന്ന് വിശദീകരിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.