Saturday, 26th April 2025
April 26, 2025

സ്വകാര്യ ബസില്‍ നിന്ന് പിതാവിനേയും മകളേയും തള്ളിയിട്ടു; യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി, മകള്‍ക്കും പരുക്ക്

  • January 17, 2020 12:05 pm

  • 0

വയനാട്:സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ടതിനെത്തുടര്‍ന്ന് ഗുരുതര പരുക്കേറ്റ യാത്രക്കാരനും മകളും ആശുപത്രിയില്‍. വയനാട് ബത്തേരിയിലാണ് സംഭവം. ബസില്‍ നിന്നും വീണ കാര്യമ്ബാടി സ്വദേശി ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തുടയെല്ലുകള്‍ പുറത്തുവന്നും മുട്ടുചിരട്ട തകര്‍ന്ന നിലയിലും ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കല്‍പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം. ഇറങ്ങുന്നതിനു മുന്നെ ബസ് മുന്നോട്ടെടുത്തതിനെത്തുടര്‍ന്ന് ജോസഫിന്റെ മകള്‍ നീതു റോഡിലേക്ക് തെറിച്ചുവീണു. ബസ് നിര്‍ത്താതെപോവുകയും യാത്രക്കാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് അല്‍പം മാറി ബസ് നിര്‍ത്തുകയും ചെയ്തുസംഭവം ചോദിക്കാനായി ചെന്ന ജോസഫിനെ കണ്ടക്ടര്‍ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. റോഡിലേക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. ജോസഫ് വീണപ്പോള്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.

കല്‍പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസഫിനെ വിദഗ്ധ ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.