Thursday, 23rd January 2025
January 23, 2025

10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ദിലീപ്, അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: തുറന്നടിച്ച്‌ വിനയന്‍

  • January 17, 2020 11:00 am

  • 0

കണ്ണൂര്‍: 10 വര്‍ഷക്കാലത്തോളം താന്‍ സിനിമയില്‍ നിന്നും പുറത്ത് നില്‍ക്കാന്‍ കാരണം നടന്‍ ദിലീപാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ വിനയന്‍. 40 ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങിയ ശേഷം ഒരു സംവിധായകന്റെ സിനിമയില്‍ ദിലീപ് അഭിനയിക്കാന്‍ തയാറാകാതിരുന്നതിനെ താന്‍ ചോദ്യം ചെയ്തപ്പോഴാണ് അയാള്‍ തനിക്കെതിരെ തിരിഞ്ഞതെന്നും തന്നെ സിനിമാ വ്യവസായത്തില്‍ നിന്നും പുറത്താക്കുമെന്ന് ദിലീപ് പറഞ്ഞിരുന്നതായും വിനയന്‍ പറയുന്നു. താന്‍ മാക്ടയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കാലത്താണ് ഈ സംഭവമെന്നും ഇതിനു ശേഷമാണ് തനിക്ക് നേരെയുള്ള വിലക്ക് ഉണ്ടാകുന്നതെന്നും വിനയന്‍ ചൂണ്ടിക്കാണിച്ചു.

പ്രേം നസീര്‍ സാംസ്കാരിക സമിതിയും കണ്ണൂര്‍ എയ്‌റോസിസ് കോളേജുമ ചേര്‍ന്ന് സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു വിനയന്‍. 10 വര്‍ഷകാലത്തെ നിയമപോരാട്ടം നടത്തി അനുകൂല വിധി സമ്ബാദിച്ച ശേഷമാണ് താന്‍ സിനിമയിലേക്ക് മടങ്ങിയെത്തിയതെന്നും എന്നാല്‍ തനിക്ക് 10 വര്‍ഷം നഷ്ടമായെന്നും വിനയന്‍ പറഞ്ഞു.

ഒരുകാലത്തും തന്നെ അവാര്‍ഡുകള്‍ക്ക് പരിഗണിക്കാറില്ല. സത്യം വിളിച്ചുപറയുന്നയാള്‍ക്ക് എന്തിന് അവാര്‍ഡ് നല്‍കണം എന്നാണ് അവര്‍ ചിന്തിക്കുക. അന്നന്ന് കണ്ടവരെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ. താന്‍ ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍എന്ന സിനിമ ചെയ്യുന്ന കാലത്ത് നായകന്‍ ജയസൂര്യയുടെ ചിത്രം നല്‍കാന്‍ പോലും വിസ്സമ്മതിച്ചവരാണ് സിനിമാ രംഗത്തുള്ളത്. പുതുമുഖങ്ങള്‍ വന്നാല്‍ തങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്നാണ് അവര്‍ ഭയപ്പെട്ടിരുന്നത്‘. മനുഷ്യസ്നേഹത്തിന്റെയും വിനയത്തിന്റെയും കാര്യത്തില്‍ പ്രേം നസീറിന് പിന്നില്‍ പോലും നടക്കാന്‍ യോഗ്യതയുള്ള ഒരാളും ഇന്ന് സിനിമയില്‍ ഇല്ലെന്നും വിനയന്‍ അഭിപ്രായപ്പെട്ടു.