
കളിയിക്കാവിള വധം പ്രതികാരം, സംഘാംഗങ്ങളെ പിടിച്ചതിന്റെ വൈരാഗ്യം: പ്രതികളുടെ മൊഴി
January 17, 2020 10:19 am
0
കളിയാക്കാവിളയിലെ പൊലീസുകാരനെ കൊന്നത് പ്രതികാരം ചെയ്യാനെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. സംഘാംഗങ്ങളെ പിടികൂടിയതിലുള്ള വൈരാഗ്യമാണ് പ്രതികാരത്തിനു പ്രേരിപ്പിച്ചത്. കളിയിക്കാവിള തിരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായതിനാലാണെന്നും പ്രതികൾ വെളിപ്പെടുത്തി. പ്രതികളുടെ ഐഎസ് ബന്ധം അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി. രണ്ടുപ്രതികളേയും മൂന്നുദിവസത്തേയ്ക്ക് റിമാന്‍ഡില്‍ വിട്ടു.
മുഖ്യ പ്രതികളായ അബ്ദുൾ ഷമീമും, തൗഫീഖും തീവ്ര വർഗീയ സംഘടനയിലെ അംഗങ്ങളെന്ന പൊലീസ് നിഗമനം ശരിവയ്ക്കുന്നതാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. സംഘടനയുടെ ആശയം പ്രചരിപ്പിക്കാൻ നടത്തിയ അസൂത്രിത കൊലപാതകമെന്ന് ഇരുവരും സമ്മതിച്ചു. ഭരണകൂടത്തൊടും പൊലീസിനോടുമുള്ള പ്രതികാരമെന്ന നിലയ്ക്കാണ് പൊലീസുകാരൻ വിൽസന്നെ കൊന്നതെന്നും പ്രതികൾ വിശദീകരിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ മറ്റ് പല ചോദ്യങ്ങൾക്കും ഇരുവരും ഉത്തരം നൽകിയില്ല.
ഭീകര സംഘടനയായ ഐ.എസ് ബന്ധമടക്കം സംശയിക്കുന്നതിനാൽ പത്ത് മണിക്കൂറിലേറെയാണ് ആദ്യ ദിന ചോദ്യം ചെയ്യൽ നീണ്ടത്. ഉഡുപ്പിയിൽ അറസ്റ്റിലായ ഇരുവരെയും ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കളിയിക്കാവിള സ്റ്റേഷനിലെത്തിച്ചത്. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് ഉടൻ തക്കല സ്റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷനു മുന്നിൽ ആയുധധാരികളായ കമാൻഡോസിനെയും വിന്യസിച്ചു.സുരക്ഷ പ്രശ്നങ്ങളുള്ളതിനാൽ കൊല നടന്ന സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ശേഷമെ നടത്തൂ.