
ഒരു കൊലപാതകം മറയ്ക്കാന്‍ മറ്റൊന്ന്; കോഴിക്കോട് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിഞ്ഞു….
January 16, 2020 3:00 pm
0
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൃതദേഹാവശിഷ്ടങ്ങള് കണ്ടെത്തിയ സംഭവത്തില് ചുരുളഴിച്ച് ക്രൈംബ്രാഞ്ച്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞപ്പോള് പോലീസ് എത്തിച്ചേര്ന്നത് മറ്റൊരു കൊലക്കേസില്.
മൃതദേഹഭാഗങ്ങള് വണ്ടൂര് സ്വദേശി ഇസ്മായിലിന്റേതാണെന്ന് പോലീസ് അന്വേഷണത്തില് തെളിഞ്ഞു. മുക്കം സ്വദേശി ബിര്ജുവാണ് ഇസ്മായിലിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് കഷണങ്ങളാക്കി വിവിധയിടങ്ങളില് ഉപേക്ഷിച്ചത്. ബിര്ജുവും ഇസ്മായിലും ചേര്ന്ന് നേരത്തെ ബിര്ജുവിന്റെ മാതാവിനെ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തില് ക്വട്ടേഷന് തുക സംബന്ധിച്ച തര്ക്കവും കൃത്യം നടത്തിയ വിവരം ഇസ്മായില് പുറത്തുപറയുമോ എന്ന ഭയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
രണ്ടു വര്ഷം മുമ്ബാണ് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില് നിന്നായി വ്യത്യസ്ത ദിവസങ്ങളില് മൃതദേഹ ഭാഗങ്ങള് കണ്ടെത്തിയത്. 2017 ജൂണ് 28-ന് കൈതവളപ്പ് കടല്ത്തീരത്ത് ഒരു കൈയും ദിവസങ്ങള്ക്ക് ശേഷം ചാലിയം തീരത്ത് രണ്ടാമത്തെ കൈയും കിട്ടിയിരുന്നു. ജൂലായ് ആറിന് അഗസ്ത്യമുഴി ഭാഗത്ത് ഉടല്ഭാഗവും കണ്ടെത്തി. ഓഗസ്റ്റ് 13-നാണ് ചാലിയം തീരത്ത് തലയോട്ടി കണ്ടെടുത്തത്. ഇതിനു പിന്നാലെയാണ് പോലീസ് സംഘം അന്വേഷണം ഊര്ജ്ജിതമാക്കിയത്.
തലയോട്ടി കിട്ടിയതോടെ പോലീസ് രേഖാചിത്രം തയ്യാറാക്കി. തുടര്ന്ന് നേരത്തെ മോഷണക്കേസുകളിലടക്കം പ്രതിയായിരുന്ന വണ്ടൂര് സ്വദേശി ഇസ്മായിലാണെന്ന സംശയമുണര്ന്നു. മൃതദേഹത്തിലെ ഫിംഗര്പ്രിന്റും നേരത്തെ ശേഖരിച്ചിരുന്ന ഇസ്മായിലിന്റെ ഫിംഗര്പ്രിന്റും ഒത്തുനോക്കി ഇക്കാര്യം ഉറപ്പുവരുത്തി. നാലു ഭാര്യമാരാണ് ഇസ്മായിലിനുണ്ടായിരുന്നു. ഇതില് മൂന്നാമത്തെ ഭാര്യയെ കൊണ്ടോട്ടിയില് നിന്ന് കണ്ടെത്തി. ഇസ്മായിലിനെ കാണാതായെന്ന് ആരും പരാതി നല്കിയിരുന്നില്ല. തുടര്ന്ന് ഇസ്മായിലിന്റെ മാതാവിനെ കണ്ടെത്തി അവരുടെ രക്തം ശേഖരിച്ച് ഡിഎന്എ പരിശോധനയ്ക്ക് അയച്ചു. ഇതിലൂടെ കൊല്ലപ്പെട്ടത് ഇസ്മായില് തന്നെയാണെന്ന് സ്ഥിരീകരിച്ചു.
എന്നാല് ഇസ്മായില് എങ്ങനെ കൊല്ലപ്പെട്ടെന്ന കാര്യം അപ്പോഴും കണ്ടെത്താനായിരുന്നില്ല. ഇതിനിടെ ഇസ്മായില് പണം നല്കാമെന്ന് ഏറ്റിരുന്ന ഒരാളെ കണ്ടെത്തി. ഒരു ക്വട്ടേഷന് കൊലപാതകത്തിന്റെ പണം കിട്ടാനുണ്ടെന്നും അത് കിട്ടിയാല് പണം നല്കാമെന്നുമായിരുന്നു ഇസ്മായില് ഇയാളോട് പറഞ്ഞിരുന്നത്. മുക്കം ഭാഗത്തുള്ള ഒരു കുഞ്ഞച്ചന് എന്നയാളില് നിന്ന് പണം കിട്ടാനുണ്ടെന്നും പറഞ്ഞിരുന്നു. കുഞ്ഞച്ചന്റെ ബന്ധത്തിലുള്ള ഒരു സ്ത്രീയെയാണ് കൊലപ്പെടുത്തിയതെന്നും വിവരം ലഭിച്ചു.
തുടര്ന്ന് മുക്കം ഭാഗത്തെ അസ്വഭാവിക മരണങ്ങളുടെ വിവരങ്ങള് ശേഖരിച്ചു. ഒരു സ്ത്രീയുടെ തൂങ്ങി മരണം ഇതില് സംശയമുണര്ത്തി. 70 വയസ്സുണ്ടായിരുന്ന ഈ സ്ത്രീ താമസിച്ചിരുന്ന ഭാഗത്ത് പോലീസ് സംഘം അന്വേഷണം നടത്തിയപ്പോള് അയല്ക്കാരും ഇതേ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല് സ്ത്രീയുടെ മരണശേഷം വീട്ടുകാര് വീടും സ്ഥലവും വിറ്റ് മറ്റൊരിടത്തേക്ക് പോയിരുന്നു. ഈ വീട്ടിലെ താമസക്കാരന് ബിര്ജു എന്നയാളാണെന്ന് തെളിഞ്ഞതോടെ ഇയാളെ കണ്ടെത്താനായി പോലീസ് സംഘത്തിന്റെ ശ്രമം.
ബിര്ജുവിന്റെ ഭാര്യ ഒരു നഴ്‌സാണെന്നും രണ്ട് പെണ്മക്കളുണ്ടെന്നും കണ്ടെത്തിയെങ്കിലും ഇവരുടെ താമസസ്ഥലം എവിടെയാണെന്നറിയാന് ഏറെ സമയമെടുത്തു.തമിഴ്‌നാട് നീലഗിരി ഭാഗത്ത് ബിര്ജുവുണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസ് അങ്ങോട്ടു തിരിച്ചു. ഒറ്റപ്പെട്ടസ്ഥലത്ത് ഒരു തോട്ടത്തിന് നടുവിലായിരുന്നു ഇയാളുടെ താമസം. എന്നാല് പിടികൂടാനുള്ള ശ്രമത്തിനിടെ ബിര്ജു കടന്നുകളഞ്ഞു. പിന്നീട് മുക്കത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
ബിര്ജുവിന്റെ പിതാവ് മുക്കത്തെ ഭൂവുടമയായിരുന്നു. ഇദ്ദേഹം നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. പിതാവിന്റെ മരണശേഷം ബിര്ജുവിന്റെ മാതാവിന്റെ പേരിലുള്ള സ്ഥലംവിറ്റ് പണം ലഭിച്ചിരുന്നു. ഇതില് ഒരുപങ്ക് ബിര്ജുവിനും നല്കി.ഈ പണം ബിര്ജു ധൂര്ത്തടിച്ചു കളഞ്ഞു.മാതാവില് നിന്ന് ബിര്ജു വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നല്കാന് കൂട്ടാക്കിയില്ല. തുടര്ന്നാണ് മാതാവിനെ കൊലപ്പെടുത്താന് ഇസ്മായിലിനെ ഏര്പ്പാടാക്കുന്നത്. ബിര്ജുവിന്റെ മാതാവില് നിന്ന് ഇസ്മായില് പണം പലിശയ്ക്ക് വാങ്ങി ആദ്യം ബന്ധം സ്ഥാപിച്ചിരുന്നു. ഒരു ദിവസം കൊലപാതകം നടത്താന് ആസൂത്രണം ചെയ്‌തെങ്കിലും നടപ്പായില്ല. ഇതിനായി ബിര്ജു ഭാര്യയെയും കൊണ്ട് കോയമ്ബത്തൂരിലേക്ക് പോയി സൗകര്യം ഒരുക്കി നല്കിയെങ്കിലും തിരികെ വന്നപ്പോഴാണ് കൃത്യം നടക്കാതിരുന്നത് മനസിലായത്. അന്നേദിവസം തന്നെ ബിര്ജുവും ഇസ്മായിലും ചേര്ന്ന് മാതാവിനെ ഉറങ്ങുന്നതിനിടെ ശ്വാസംമുട്ടിച്ചു കൊന്നു. സംഭവം ആത്മഹത്യയാണെന്ന് പോലീസിനോട് പറയുകയും ചെയ്തു.
ഇതിനുശേഷം ഇസ്മായിലിന് നല്കാനുള്ള പണത്തെ ചൊല്ലി ഇരുവരും തമ്മില് തര്ക്കമുണ്ടായിരുന്നു. പണം നല്കാതെ ബിര്ജു ഇസ്മായിലിനെ കബളിപ്പിച്ചു. പണം നല്കാത്തതിനാല് കൊലപാതക വിവരം ഇസ്മായില് വെളിപ്പെടുത്തുമോ എന്ന ഭയം ബിര്ജുവിനുണ്ടായിരുന്നു.
ഒരു ദിവസം പണം ആവശ്യപ്പെട്ട് എത്തിയ ഇസ്മായിലിന് മദ്യം നല്കി സത്കരിച്ചു. തുടര്ന്ന് ഇസ്മായില് ഉറങ്ങുന്നതിനിടെ കയര് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പിറ്റേദിവസം ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. വിവിധ ദിവസങ്ങളിലായി ഇതെല്ലാം ചാക്കുകളിലാക്കി ഉപേക്ഷിച്ചു. ഇതിനുശേഷം വീടും സ്ഥലവും വിറ്റ് ബിര്ജു തമിഴ്‌നാട്ടിലേക്ക് ചേക്കേറുകയായിരുന്നു.
ക്രൈംബ്രാഞ്ച് എഡിജിപി ടോമിന് ജെ. തച്ചങ്കരിയാണ് വാര്ത്താസമ്മേളനത്തില് അന്വേഷണ വിവരങ്ങള് വിശദീകരിച്ചത്. കേസ് തെളിയിച്ച അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്ക്ക് പാരിതോഷികം നല്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേസില് കൂടുതല്പേരുടെ സഹായം ബിര്ജുവിന് ലഭിച്ചിട്ടുണ്ടെങ്കില് അവരെയും പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.