
കളിയിക്കാവിളയില്‍ പോലീസുകാരനെ കൊലപ്പെടുത്തിയത് നിരോധിത സംഘടനയായ ‘അല്‍ ഉമ്മ’ പ്രവര്‍ത്തകര്‍; കേന്ദ്രം ബംഗളൂരു
January 16, 2020 9:55 am
0
തിരുവനന്തപുരം: കളിയിക്കാവിളയില്‍ ചെക്ക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. അബ്ദുള്‍ ഷെമീമിനെയും തൗഫീഖിനെയുമാണ് മജിസ്ട്രേറ്റിനു മുമ്ബാകെ ഹാജരാക്കുന്നത്. തമിഴ്‌നാട്ടിലെ ‘അല്‍ ഉമ്മ‘ എന്ന നിരോധിതസംഘടനയുടെ പ്രവര്‍ത്തകരാണ് ഇവര്‍. പൊങ്കലിനോടനുബന്ധിച്ച് കോടതി അവധിയായതിനാല്‍ തക്കലയില്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനാണ് സാധ്യത. മുഖ്യപ്രതികളായ നാഗര്‍കോവില്‍ തിരുവിതാംകോട് സ്വദേശികളായ തൗഫീഖ്(28), അബ്ദുള്‍ ഷെമീം(32) എന്നിവരെ ഉഡുപ്പി പോലീസ് തമിഴ്‌നാട് പോലീസിന് കൈമാറിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് കന്യാകുമാരി എസ്പി ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉഡുപ്പി ഡിവൈഎസ്പി ഓഫീസില്‍നിന്ന് ഇരുവരെയും മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി തമിഴ്‌നാട് പോലീസിന് കൈമാറിയത്.
ചൊവ്വാഴ്ച രാത്രിതന്നെ പോലീസ് തൗഫീഖിനെയും അബ്ദുള്‍ ഷെമീമിനെയും കൊണ്ടുപോയി. കര്‍ണാടക പോലീസ് ഇരുവരെയും ചോദ്യംചെയ്തിരുന്നു. പ്രതികള്‍ ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘അല്‍ ഉമ്മ‘ പ്രവര്ത്തകന് കാജ മൊയ്തീന്റെയും മെഹബൂബ് പാഷയുടെയും നേതൃത്വത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. മെഹബൂബ് പാഷയടക്കം സംഘത്തിലെ 17 പേര്‍ക്കെതിരേ യുഎപിഎ പ്രകാരം ജനുവരി 11-ന് ബംഗളൂരു പോലീസ് കേസെടുത്തിരുന്നു. മെഹബൂബ് ഒളിവിലാണ്.
കൃത്യത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വെരാവല്‍ എക്സ്പ്രസില്‍ എത്തിയപ്പോള്‍ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പിടികൂടിയത്.