Saturday, 26th April 2025
April 26, 2025

യുവാക്കളെ വശീകരിച്ച്‌ കവര്‍ച്ച ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന നാലംഗസംഘം പിടിയില്‍

  • January 15, 2020 5:02 pm

  • 0

തിരുവനന്തപുരം: യുവാക്കളെ വശീകരിച്ച്‌ പണവും മൊബൈല്‍ ഫോണും കവരുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘത്തെ ഫോര്‍ട്ട് പോലീസ് അറസ്റ്റ്‌ചെയ്തു. മുട്ടത്തറ ബീമാപളളി മാണിക്യവിളാകം വീട്ടില്‍ നസീര്‍ (33), മുട്ടത്തറ ബീമാപളളി മാമൂട്ട് വിളാകം വീട്ടില്‍ അസ്ലം (25), കുളത്തൂര്‍ പള്ളിത്തുറ, ശാന്തി നഗര്‍ മണക്കാട്ടുവീട്ടില്‍ ഷീജ (35), തൈക്കാട് സെക്രട്ടേറിയേറ്റ് രാജാജി നഗറില്‍ താമസിക്കുന്ന ബിന്ദു (36) എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 20.30 ന് കിഴക്കേക്കോട്ട അജന്താ തീയറ്ററിന് സമീപം വച്ച്‌ അതുവഴിവന്ന യുവാവിനെ രണ്ടു യുവതികളും ചേര്‍ന്ന് വശീകരിച്ച്‌ ഓട്ടോ റിക്ഷയില്‍ കയറ്റിയശേഷം നാലംഗസംഘം യുവാവിനെ ഓട്ടോ റിക്ഷയില്‍ വച്ച്‌ ആക്രമിച്ച്‌ പോക്കറ്റിലുണ്ടായിരുന്ന 7500 രൂപയും 11000രൂപയുടെ മൊബൈല്‍ ഫോണും പിടിച്ചുപറിച്ചശേഷം സറ്റാച്യു പുളിമൂട് ഭാഗത്ത് ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ്സ് രജിസ്റ്റര്‍ചെയ്ത് ഫോര്‍ട്ട് പോലീസ് അന്വേഷണം നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍, പരാതിക്കാരന്‍ നല്‍കിയ പ്രതികളുടെ രൂപവിവരണം എന്നിവ പരിശോധിച്ച്‌ പ്രതികളെ കണ്ടെത്തുകയായിരുന്നു.

പ്രതികളില്‍ നിന്നും മോഷണവസ്തുക്കള്‍ പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. ഫോര്‍ട്ട് പോലീസ് ഇന്റസ്‌പെക്ടര്‍ എ.കെ ഷെറി, സബ് ഇന്‍സ്‌പെക്ടര്‍ വിമല്‍.എസ്, ജയ.ബി, ദിനേഷ് കുമാര്‍, വനിതാ സീനിയര്‍ സി.പി.ഒ രാജിക്കുട്ടി സി.പി.ഒ മാരായ ഷിബു, പ്രശാന്ത്, സമോജ്, വിനോദ്, എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.