
റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ഉറക്കം മാറ്റല്‍ കേന്ദ്രങ്ങള്‍ തുടങ്ങും: മുഖ്യമന്ത്രി
January 13, 2020 5:22 pm
0
കണ്ണൂര്‍: റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രധാന റോഡുകളില്‍ ഡ്രൈവര്‍മാര്‍ക്ക് ഉറക്കം മാറ്റാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
റോഡുകളില്‍ നിശ്‌ചിത അകലം പാലിച്ച് വണ്ടികള്‍ നിര്‍ത്തി ഡ്രൈവര്‍മാര്‍ക്ക് ചായയും കാപ്പിയും മറ്റും നല്‍കുന്ന സംവിധാനമാണ് ഉദ്ദേശിക്കുന്നത്. ഉറക്കമൊഴിച്ച് വണ്ടിയോടിക്കുമ്ബോഴുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഇത് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
റോഡില്‍ അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ ശാസ്‌ത്രീയമായി അടയാളപ്പെടുത്തി ജാഗ്രത പാലിക്കാനുള്ള മുന്‍കരുതല്‍ ഒരുക്കും. കണ്ണൂരില്‍ ദേശീയ റോഡ് സുരക്ഷാ വാരം സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥനത്ത് വര്‍ഷത്തില്‍ നാലായിരത്തിലധികം ജീവനുകളാണ് റോഡപകടങ്ങളില്‍ പൊലിയുന്നത്.
ഈ ദുരന്തം ആവര്‍ത്തിക്കുകയാണ്. റോഡ് അപകട മരണ സംഖ്യ കുറയുന്നില്ലെന്നത് ആശങ്കാജനകമാണ്. അപകടങ്ങളില്‍ നല്ലൊരു വിഭാഗമാളുകള്‍ ജീവിത കാലം മുഴുവന്‍ പരിക്കിന്റെ പിടിയില്‍ നിന്ന് മുക്തമാവാതെ കഴിയുകയാണ്. റോഡ് അപകടങ്ങള്‍ കുറയ്‌ക്കുന്നതിന് ബോധവത്‌കരണം വളരെ പ്രധാനമാണ്. ഭാവി തലമുറയെ ചെറുപ്രായത്തില്‍ റോഡ് അപകടങ്ങള്‍ സംബന്ധിച്ച് ബോധവാന്മാരാക്കണം.
അപകടം തീരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെങ്കിലും പകുതിയായി കുറക്കാനെങ്കിലും കഴിയണം. അപകടം സംഭവിക്കുന്ന രീതികള്‍ മനസ്സിലാക്കി അത് തടയുന്നതിനുള്ള കര്‍ശന ഇടപെടല്‍ വേണം. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ അപകടങ്ങള്‍ സംഭവിക്കുന്നു. കൃത്യമായ പരിശോധന നടത്തിയാല്‍ ഇത്തരം അപകടങ്ങള്‍ കുറയ്‌ക്കാനാവും.
അമിത വേഗമാണ് മറ്റൊരു അപകട കാരണം. മനുഷ്യനെ മറന്നുകൊണ്ടുള്ള ഡ്രൈവിങും അപകടത്തിന് വഴിവെക്കുന്നു. ഉറക്കമൊഴിച്ച് വാഹനമോടിക്കുന്നതും പ്രശ്‌നമാണ്. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാനും കര്‍ശന നടപടി സ്വീകരിക്കാനുമുള്ള ഇടപെടല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവണം.
ഇതുമായി ബന്ധപ്പെട്ട നടപടികളുമായി ബഹുജനങ്ങള്‍ സഹകരിക്കണം. കടുത്ത നടപടികളെടുക്കേണ്ടി വരുന്നത് ജീവന്‍ രക്ഷിക്കാനെന്ന ബോധം എല്ലാവര്‍ക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.