കാട്ടുതീയില്‍ വലഞ്ഞ മൃഗങ്ങള്‍ക്ക് ആകാശത്ത് നിന്നും ക്യാരറ്റും മധുരക്കിഴങ്ങും
January 13, 2020 4:00 pm
0
ഓസ്ട്രേലിയന്‍ കാട്ടുതീ ശമിക്കപ്പെട്ട് ജീവിതം പഴയ പടി ആയിത്തുടങ്ങുന്ന സമയമാണിത്. ഹെക്ടര്‍ കണക്കിന് വനഭൂമി കത്തിനശിച്ച് ഒട്ടേറെ ജീവജാലങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കാട്ടു തീ താണ്ഡവമാടിയതു കൊണ്ട് തന്നെ അതില്‍ നിന്ന് രക്ഷപ്പെട്ട ജീവി വര്‍ഗങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള ഭക്ഷണമൊക്കെ വളരെ കുറവാണ്. പ്രതീക്ഷയുടെ നാമ്ബുകള്‍ മുള പൊട്ടിത്തുടങ്ങിയിട്ടേയുള്ളൂ. ജീവജാലങ്ങള്‍ പട്ടിണിയാവരുതെന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് ഭരണകൂടം ഹെലികോപ്ടറില്‍ ഭക്ഷണമെത്തിച്ചു കൊടുക്കുന്ന മനോഹരമായ കാഴ്ചയാണ് ഏറ്റവും അവസാനമായി പ്രതീക്ഷ നല്‍കുന്നത്.
ഹെലികോപ്ടര്‍ കാടുകള്‍ക്ക് മുകളിലൂടെ പറപ്പിച്ച്, പതിനായിരക്കണക്കിന് കിലോ ക്യാരറ്റും മധുരക്കിഴങ്ങുമൊക്കെയാണ് അവര്‍ താഴേക്കിട്ടത്. ന്യൂ സൗത്ത് വെയില്‍സിലെ ദേശീയ പാര്‍ക്കുകളും വന്യജീവി വിഭാഗവും ചേര്‍ന്നാണ് ഇത്തരമൊരു ഓപ്പറേഷനു ചുക്കാന്‍ പിടിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പലയിടങ്ങളിയായി ഇവര്‍ നിക്ഷേപിച്ചത് 2200 കിലോ ഭക്ഷ്യവര്‍ഗങ്ങളാണ്. വന്യജീവി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ഭക്ഷ്യ വര്‍ഗങ്ങളും പച്ചക്കറികളും ശേഖരിച്ച് ഭരണകൂടത്തെ ഏല്പിക്കുന്നുണ്ട്.
ന്യൂ സൗത്ത് വെയ്ല്‍സ് ഊര്‍ജ്ജ മന്ത്രി മാറ്റ് കെയ്നാണ് വന്യജീവികള്‍ക്ക് പച്ചക്കറികള്‍ ഇട്ടുനല്‍കുന്നതിന്‍റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. സന്തുഷ്ടരായ ഉപഭോക്താക്കള്‍ എന്ന കുറിപ്പോടെ മൃഗങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നാഷണല്‍ പാര്‍ക്ക് ജീവനക്കാരുടെ നടപടിയെ നിരവധി പേരാണ് ട്വിറ്ററിലൂടെ അഭിനന്ദിച്ചത്.