Thursday, 23rd January 2025
January 23, 2025

പേടിച്ചതു തന്നെ സംഭവിച്ചു; ടീം ഇന്ത്യയ്‌ക്കൊപ്പം ന്യൂസീലന്‍ഡിലേക്കു പറക്കാന്‍ സഞ്ജുവില്ല

  • January 13, 2020 11:00 am

  • 0

മുംബൈ: അങ്ങനെ ഒടുവില്‍ മലയാളി ആരാധകര്‍ പേടിച്ചതുതന്നെ സംഭവിച്ചു. ടീം ഇന്ത്യയുടെ കഴിഞ്ഞ മൂന്ന് ട്വന്റി 20 പരമ്ബരകളിലും അംഗമായിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് പുറത്തായി. ഈ മാസം 24-ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്ബരയ്ക്കുള്ള ടീമില്‍നിന്നാണ് സഞ്ജു പുറത്തായത്.

ശ്രീലങ്കയ്‌ക്കെതിരായ പരമ്ബരയില്‍ നിന്ന് വിട്ടുനിന്ന ഓപ്പണര്‍ രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് സ്ഥാനം നഷ്ടമായത്. രോഹിത്തിനൊപ്പം പേസ് ബൗളര്‍ മുഹമ്മദ് ഷമി മടങ്ങിയെത്തി. ശ്രീലങ്കയ്‌ക്കെതിരെ കളിച്ച ടീമില്‍ മറ്റ് മാറ്റങ്ങളില്ല. രോഹിത്തിനൊപ്പം ലോകേഷ് രാഹുലും, ശിഖര്‍ ധവാനും ടീമിലിടം പിടിച്ചു.

ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി. ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി എന്നിവരാണ് പേസര്‍മാര്‍.

ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറെ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ ഠാക്കൂര്‍.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടീമില്‍ വീണ്ടും കളിച്ചത്. 2015-ല്‍സിംബാബ്‌വെയ്‌ക്കെതിരായട്വന്റി-20യ്ക്ക് ശേഷം സഞ്ജു ഇന്ത്യന്‍ ജഴ്സിയില്‍ കളിക്കുന്ന ആദ്യ മത്സരമായിരുന്നു ഇത്. ശ്രീലങ്കയ്ക്കെതിരേ മൂന്നാമനായി ക്രീസിലിറങ്ങി ആദ്യ പന്തില്‍ സിക്സ് അടിച്ച്‌ പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പന്തില്‍ പുറത്തായി.

ഈ മത്സരത്തില്‍ ഒരു റെക്കോഡും മലയാളി താരം സ്വന്തം പേരിലെഴുതി. പക്ഷേ അത് അത്ര നല്ല റെക്കോഡല്ല. രണ്ടു മത്സരങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ട്വന്റി-20കളില്‍ പരിഗണിക്കാതിരുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സഞ്ജുവിന്റെ പേരിലായത്. 2015-ല്‍ നിന്ന് 2019 വരെയുള്ള കാത്തിരിപ്പിനിടയില്‍ സഞ്ജുവിന് നഷ്ടമായത് 73 ട്വന്റി-20 മത്സരങ്ങളാണ്. നേരത്ത ഉമേഷ് യാദവിന്റെ പേരിലായിരുന്നു റെക്കോഡ്. രണ്ടു മത്സരങ്ങള്‍ക്കിടയില്‍ 65 ട്വന്റി-20കളിലാണ് ഉമേഷിനെ പരിഗണിക്കാതിരുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ഇംഗ്ലണ്ടിന്റെ ജോ ഡെന്‍ലിയാണ് ഒന്നാം സ്ഥാനത്ത്. 79 ട്വന്റി-20കളാണ് ഡെന്‍ലിക്ക് നഷ്ടമായത്. ലിയാം പ്ലങ്കറ്റ് 74 ട്വന്റി-20കളുമായി രണ്ടാം സ്ഥാനത്തും സഞ്ജു സാംസണ്‍ മൂന്നാമതുമാണ്. ശ്രീലങ്കയുടെ മഹേല ഉദാവതെയും സഞ്ജുവിനൊപ്പമുണ്ട്.