
എ.എസ്.ഐയുടെ കൊലപാതകം; ആസൂത്രണം നടന്നത് കേരളത്തില്‍ ! കൂടുതല്‍ തെളിവ്
January 13, 2020 10:06 am
0
തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്‌നാട് എ.എസ്.ഐ വിന്‍സെന്റെ കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തിലെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. വെടിവയ്പ്പിന് രണ്ട് ദിവസം മുന്‍പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. 7, 8 തീയതികളില്‍ പള്ളിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
ഇവര്‍ താമസിച്ചത് വിതുര സ്വദേശി സെയ്ത് അലി ഏര്‍പ്പാടാക്കിയ വീടിലാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവില്‍ പോയി. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടില്‍ ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗ് മറ്റൊരാള്‍ക്ക് കൈമാറിയതിലും ദുരൂഹതയുണ്ട്.
കൊല നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. ക്ഷേത്രത്തിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍നിന്നുമാണ് പ്രതികളെ കണ്ടെത്തിയത്. രാത്രി 8.45 മണിയോടെ കടകള്‍ക്ക് അടുത്തുക്കൂടി നടന്ന് പോകുന്ന ഇവര്‍ അവിടെ ഒരു ബാഗ് ഉപേക്ഷിക്കുന്നതായാണ് ദൃശ്യങ്ങളില്‍ ഉളളത്. ഈ ബാഗിനായി അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
പ്രതികള്‍ യാത്ര ചെയ്തതായി സംശയിക്കുന്ന ഓട്ടോഡ്രൈവറെ നെയ്യാറ്റിന്‍കരയില്‍ നിന്ന് അന്വേഷണസംഘം ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്.
അതേസമയം, മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുള്‍ ഷമീമിനുമായുളള തെരച്ചില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കേരള പൊലീസും ഊര്‍ജ്ജിതമാക്കി. ഇവരുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.