
ഷവര്‍മ ഉണ്ടാക്കാന്‍ തീവണ്ടിയിലെത്തിച്ച 600 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി പിടികൂടി
January 10, 2020 9:00 pm
0
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹോട്ടല്‍ ആവശ്യത്തിനായി കൊണ്ടുവന്ന 600 കിലോ പഴകിയ കോഴിയിറച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിടികൂടി. മംഗള–നിസാമുദ്ദീന്‍ എക്പ്രസ് തീവണ്ടിയില്‍ 60 കിലോവീതം വരുന്ന 10 തെര്‍മോക്കോള്‍ പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറച്ചി പിടികൂടിയത്.
ഷവര്‍മയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള എല്ലില്ലാത്ത ഇറച്ചിയാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ത്തന്നെ ഇവ ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. കൃത്യമായ ഫ്രീസര്‍ സംവിധാനമില്ലാതെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തെര്‍മോക്കോള്‍ പെട്ടിയില്‍ സൂക്ഷിച്ച നിലയിലാണ് ഇറച്ചി കണ്ടെത്തിയത്.
ഡല്‍ഹിയില്‍ നിന്നാണ് ഇവ അയച്ചതെന്ന് രേഖകളില്‍ നിന്ന് അധികൃതര്‍ക്ക് വ്യക്തമായിട്ടുണ്ട്. മംഗള–നിസാമുദ്ദീന്‍ എക്സ്പ്രസ് ഡല്‍ഹിയില്‍ നിന്ന് യാത്രപുറപ്പെട്ടാല്‍ രണ്ടു ദിവസം കഴിഞ്ഞാണ് കോഴിക്കോട്ടെത്തുക. ഇതിനുമുമ്ബു തന്നെ ഇറച്ചി എടുത്തുെവച്ചതാവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ശിവന്‍, ജെ.എച്ച്.ഐ. മാരായ കെ. ഷമീര്‍, കെ. ബൈജു, ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരായ ഡോ. വി.എസ്. നീലിമ, റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ആര്‍ക്കുവേണ്ടിയാണ് മാംസം എത്തിച്ചതെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ മാംസം അശാസ്ത്രീയമായ രീതിയില്‍ കൈകാര്യം ചെയ്തവര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്നും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എസ്. ഗോപകുമാര്‍ അറിയിച്ചു.