Thursday, 23rd January 2025
January 23, 2025

മോഹന്‍ലാല്‍ ഇടപെട്ടു: ഷെയ്നും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ ധാരണയില്‍; ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കും

  • January 10, 2020 6:00 pm

  • 0

കൊച്ചി: ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാനും ചിത്രീകരണം പാതിവഴിയില്‍ മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കാനും താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഷെയ്‌ന് നിര്‍ദേശം നല്‍കി. നിര്‍ദേശം അംഗീകരിച്ച ഷെയ്ന്‍ നിഗം ഇത് സംബന്ധിച്ച രേഖാമുലമുള്ള ഉറപ്പ് അമ്മ സംഘടനയ്ക്ക് കൈമാറിയിട്ടുണ്ട്.

ഇന്നലെ ചേര്‍ന്ന അമ്മയുടെ എക്സിക്യൂടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ ധാരണയായത്. ആദ്യം എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തതിനു ശേഷം യോഗത്തിലേക്ക് ഷെയ്‌നെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഷെയ്ന്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ യോഗത്തില്‍ പറഞ്ഞുതുടര്‍ന്നാണ് ചര്‍ച ചെയ്ത് വിഷയത്തില്‍ ധാരണയിലെത്തിയത്. ഷെയ്ന്‍ നിഗമും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ ധാരണയിലെത്തിയെന്ന് യോഗത്തിനു ശേഷം പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമ്മ സംഘടന പറയുന്ന രീതിയില്‍ എല്ലാം ചെയ്യാന്‍ തയാറാണെന്നെ് ഷെയ്ന്‍ നിഗം സമ്മതിച്ചതായും മോഹന്‍ലാല്‍ പറഞ്ഞു.

വിഷയം അമ്മ സംഘടന ഏറ്റെടുത്തതായി സംഘടനാ നിര്‍വാഹക സമിതിയംഗം ബാബു രാജ് പറഞ്ഞു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കും. മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗും പൂര്‍ത്തിയാക്കും. നിര്‍മ്മാതാക്കളുമായി പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സംസാരിക്കുമെന്നും ബാബുരാജ് പറഞ്ഞു. അമ്മ സംഘടന പറയുന്ന രീതിയില്‍ പ്രശ്നം അവസാനിപ്പിക്കാന്‍ ഷെയ്ന്‍ നിഗം തയ്യാറാണെന്നും ഇതിനായി അമ്മ സംഘടനയെ ഷെയ്ന്‍ നിഗം ചുമതലപ്പെടുത്തിയെന്നും അമ്മ ജോയിന്റ് സെക്രട്ടറി സിദ്ദീഖ് യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ നിര്‍മാതാക്കളുമായി സംസാരിക്കും. അതിനു ശേഷം മാത്രമെ അന്തിമമായി പരിഹരിച്ചുവെന്ന് പറയാന്‍ കഴിയൂവെന്നും സിദ്ദിഖ് പറഞ്ഞു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കണമെന്നും മുടങ്ങിയ ചിത്രങ്ങളുടെ ചിത്രീകരണം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്നും അമ്മ സംഘടന ഷെയിന് നിര്‍ദേശം നല്‍കി. അതിന് ഷെയ്ന്‍ തയാറാണെന്ന് അറിയിച്ചതായും സിദ്ദീഖ് വ്യക്തമാക്കി.

അതേസമയം, ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയിന്‍ ആദ്യം പൂര്‍ത്തിയാക്കട്ടേയെന്നും അതിനുശേഷം ബാക്കി ചര്‍ച്ച നടത്താമെന്നുമാണ് നിര്‍മാതാക്കളുടെ നിലപാട്.