
എഎസ്ഐയുടെ കൊലപാതകം; കൃത്യമായ ആസൂത്രണം, ഒന്നിലേറെ വാഹനങ്ങൾ
January 10, 2020 10:02 am
0
പാറശാല: കളിയിക്കാവിള അതിർത്തി ചെക്പോസ്റ്റിൽ തമിഴ്നാട് എഎസ്ഐയെ വെടിവച്ചു കൊന്നതു രാജ്യവ്യാപകമായി സ്ഫോടനത്തിനു പദ്ധതിയിട്ട തീവ്രവാദി സംഘത്തെ ബെംഗളൂരുവിൽ പിടികൂടിയതിന് എവിടെയെങ്കിലും തിരിച്ചടി നൽകുക എന്ന ഉദ്ദേശ്യത്തോടെയെന്ന് പൊലീസ് നിഗമനം. വെടിവച്ചതു തിരുവിതാംകോട് സ്വദേശി അബ്ദുൽ ഷമീം (29), തൗഫിഖ് (27) എന്നിവരാണെന്നു പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് ഉദ്ദേശ്യം വ്യക്തമായത്. ഷമീം ബെംഗളൂരുവിൽ അറസ്റ്റിലായ തീവ്രവാദികളുടെ സംഘത്തിൽ പെട്ടയാളാണ്.
പ്രതികളുടെ നാടായ തിരുവിതാംകോട്ടു നിന്ന് 20 കിലോമീറ്റർ മാത്രം അകലത്തിലുള്ള ചെക്പോസ്റ്റിലെ സംവിധാനങ്ങളും പരിസരവും സംബന്ധിച്ച പരിചയമാകാം പ്രതികാരത്തിന് ഇവിടം തിരഞ്ഞടുത്തതിനു കാരണമെന്നു കരുതുന്നു. അതല്ലാതെ കൊല്ലപ്പെട്ട വിൽസനുമായി പ്രതികൾക്കു മുൻവിരോധമെന്തെങ്കിലും ഉള്ളതായി കണ്ടെത്തിയിട്ടില്ല. തമിഴ്നാട്ടുകാരായ ഇമ്രാൻ ഖാൻ, മുഹമ്മദ് ഹനീഫ്, മുഹമ്മദ് സയിദ് എന്നിവരെയാണു ബെംഗളൂരുവിൽ കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരും പ്രതി ഷമീമും 2014ൽ ചെന്നൈയിൽ ഹിന്ദു മുന്നണി നേതാവ് പി.കെ.സുരേഷ് കുമാറിനെ വധിച്ച കേസിൽ പങ്കാളികളാണ്.
രണ്ടു വെടി തലയിൽ, ഒരെണ്ണം വയറ്റിൽ
പാറശാല∙ ജനവാസ മേഖലയിലെ ചെക്ക്പോസ്റ്റിൽ കടന്ന് എഎസ്ഐയെ വെടിവച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടതിനു പിന്നിൽ ക്യത്യമായ മുന്നൊരുക്കമുണ്ടെന്ന് സാഹചര്യത്തെളിവുകൾ. കൊലപാതകത്തിൽ പങ്കെടുത്തവർക്ക് അവസരമൊരുക്കാൻ ഒന്നിലധികം വാഹനങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.
മാർത്താണ്ഡം മേൽപാലം അവസാനിക്കുന്ന കുഴിത്തുറയിൽ ബുധൻ രാത്രി 9.07ന് പ്രതികൾ നിൽക്കുന്നതിൻെറ സിസിടിവി ദ്യശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരും ചെക്ക്പോസ്റ്റിനടുത്ത് എത്തുന്നത് 9.33നാണ്. ചെക്ക്പോസ്റ്റ് സ്ഥിതിചെയ്യുന്ന റോഡിലേക്ക് പിപിഎം ജങ്‌കഷൻ, കളിയിക്കവിള ബസ് സ്റ്റാൻഡിന് സമീപം എന്നിവിടം വഴി പ്രവേശിക്കാനാകും. പണിമുടക്കായതിനാൽ പ്രദേശത്ത് കടകളിലധികവും പ്രവർത്തിക്കാത്തതും വഴി വിജനമായിരുന്നതും കൊലപാതകികൾക്കു സഹായകമായി.
കൊലപാതകം നടത്തിയത് അത്യാധുനിക തോക്കുകൊണ്ടെന്നാണ് സൂചന. 7.62 മില്ലിമീറ്റർ വലിപ്പമുള്ള വെടിയുണ്ടകളാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കളിത്തോക്കിന്റെ ശബ്ദം മാത്രമേ പുറത്ത് കേട്ടുള്ളു എന്നാണ് സംഭവത്തിനു സാക്ഷിയായ അടുത്ത കടയിലെ വ്യാപാരിയുടെ വെളിപ്പെടുത്തൽ. കൊലയ്ക്കു ശേഷം പ്രതികൾ ആദ്യം കണ്ട പള്ളി വളപ്പിനുള്ളിൽ കയറി മറുഭാഗത്തെ വഴിയിലൂടെ ദേശീയപാതയിലേക്ക് കടന്നതു വഴികൾ നേരത്തെ മനസ്സിലാക്കിയെന്നതിൻെറ തെളിവാണ്.
നൂറുമീറ്ററോളം റോഡിലൂടെ നടന്ന് ചെക്ക്പോസ്റ്റിനു മുന്നിലേക്ക് രണ്ടു പ്രതികളും എത്തുന്നതിന്റെയും പള്ളിക്കുള്ളിലേക്ക് ഓടിക്കയറുന്നതിന്റെയും പുറത്ത് ഇറങ്ങുന്നതിന്റെയും വിഡിയോ ദൃശ്യങ്ങളും സുരക്ഷാ ക്യാമറയിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്യോന്യം സംസാരിച്ച് അലസമായി ഇരുവരും നടന്ന് നീങ്ങുന്നതാണ് ദ്യശ്യങ്ങളിലുള്ളത്. സിസിടിവി ക്യാമറകൾ എറെയുള്ള റോഡിൽ അക്രമികൾ മുഖം മറയ്ക്കാൻ കൂട്ടാക്കാത്തതിന്റെ യുക്തി പൊലീസിന് ചോദ്യചിഹ്നമായിട്ടുണ്ട്.
രണ്ടു ദൃക്സാക്ഷികൾ
വെടിവയ്പ് നേരിട്ടു കണ്ട രണ്ടു പേർ പൊലീസിന് മൊഴി നൽകിയതായാണ് വിവരം. ഒരാൾ സമീപത്തെ വ്യാപാരിയാണ്. രണ്ടാമത്തേത് സമീപവാസിയായ വിദ്യാർഥിയും. ഇരുവരുടെയും പേരുവിവരങ്ങൾ പുറത്തറിയാതിരിക്കാൻ പൊലീസ് മുൻകരുതലെടുത്തിട്ടുണ്ട്.
വിരമിക്കാൻ ഒരു വർഷം മാത്രം
എസ്എസ്ഐ വൈ.വിൽസണു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി. രണ്ടു മാസം മുമ്പ് വാഹനപകടത്തെത്തുടർന്ന് ചികിൽസയ്ക്കായി അവധിയിൽ പ്രവേശിച്ച വിൽസൺ ജനുവരി ഒന്നിനാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. 15 മാസങ്ങൾ കൂടി മാത്രമായിരുന്നു ഇനി സർവീസ്. ഏയ്ഞ്ചൽ മേരിയാണ് ഭാര്യ. മക്കൾ:ആന്റണീസ് റിനിജ, വിനിത. ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം രണ്ടു മണിയോടെ മാർത്താണ്ഡം പരുത്തിവിളയിലുള്ള വീട്ടിലെത്തിച്ച വിൽസന്റെ മൃതദേഹത്തിനു തമിഴ്നാട് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.
10 ലക്ഷം നഷ്ടപരിഹാരം
ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട എഎസ്ഐ വിൽസന്റെ കൊലപാതകികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി നിയമസഭയിൽ അറിയിച്ചു. പ്രതികളെ കണ്ടെത്താനായി 4 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. പ്രദേശത്തെ കടകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. വിൽസന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും കുടുംബത്തിലൊരാൾക്കു ജോലി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.