
എ.എസ്.ഐയെ വെടിവെച്ചുകൊന്ന സംഭവം: പ്രതികളെ തിരിച്ചറിഞ്ഞു, തീവ്രവാദ ബന്ധമെന്ന് സംശയം
January 9, 2020 5:00 pm
0
തിരുവനന്തപുരം: കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ സംശയനിഴലില്‍. തൗഫീഖ്, അബ്ദുള്‍സമീര് എന്നിവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇവരാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്നാണ് പോലീസ് കരുതുന്നത്. നക്‌സല്‍ തീവ്രവാദ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം സംഭവത്തിലുള്‍പ്പെട്ടനാല് പേര്‍ തമിഴ്‌നാട്ടിലേക്കു കടന്നെന്നും കരുതുന്നു.
ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് കളിയിക്കാവിളയിലെ തമിഴ്നാട് പോലീസിന്റെ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സണ്‍ എന്ന എഎസ്‌ഐയെരണ്ട് പേര്‍ വെടിവെച്ചുകൊലപ്പെടുത്തിയത്. വില്‍സണ്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയപ്പോഴേക്കും ആക്രമികള്‍ ഓടിരക്ഷപ്പെട്ടു. നാല് തവണയോളം ആക്രമികള്‍ വെടിയുതിര്‍ത്തു. എഎസ്‌ഐയുടെ മുഖത്ത് മൂന്ന് വെടിയുണ്ട ഏറ്റിറ്റുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കോഴിവിള ഭാഗത്തുനിന്നുള്ള റോഡ് പഴയ റോഡില്‍ ചേരുന്നതിന് സമീപത്തായാണ് ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ചെക്ക്പോസ്റ്റിന് സമീപത്ത് കൂടി രണ്ട്യുവാക്കള്‍ നടന്നെത്തി സമീപത്തെ മുസ്ലീം പള്ളിയുടെ ഗേറ്റിനടുത്തേക്ക് പോയി തിരികെയെത്തി വെടിയുതിര്‍ക്കുകയും ഓടിരക്ഷപ്പെടുകയുമായിരുന്നു.
എഎസ്‌ഐയെ വെടിവെച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കന്യാകുമാരി സ്വദേശികളായ തൗഫീഖ്, അബ്ദുള്‍സമീര്‍ എന്നിവരാണ് ദൃശ്യത്തിലുള്ളതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
തീവ്രസ്വഭാവമുള്ള സംഘടനയിലുള്ളവരാണ് ഇരുവരും എന്നാണ് തമിഴ്‌നാട് പോലീസും കേരള പോലീസും ഒരുപോലെ പറയുന്നത്.അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പോലീസ് മേധാവി കേരളത്തിലെത്തിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കേരള തമിഴ്‌നാട് ഡിജിപിമാര്‍ കൂടിക്കാഴ്ച നടത്തി. അതിനു ശേഷം ഇരുസംസ്ഥാനങ്ങളിലെയും ഉന്നത പോലീസുദ്യോഗസ്ഥര്‍ കളിയിക്കാവിളയില്‍ എത്തുമെന്നാണ് കരുതുന്നത്.