
പണിമുടക്ക് ദിനത്തില്‍ കട തുറന്നു, മെഡിക്കല്‍ ഷോപ്പ് ഉടമയെ പഞ്ഞിക്കിട്ട് സിപിഎം പ്രവര്‍ത്തകര്‍
January 9, 2020 3:00 pm
0
ഇടുക്കി: ദേശീയ പണിമുടക്ക് ദിനത്തില്‍ മെഡിക്കല്‍ ഷോപ്പ് തുറന്നു പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് കടക്കാരന് സിപിഎം പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. ഇടുക്കി വെള്ളയാംകുടിയില്‍ ഇന്നലെ രാത്രി ഒമ്ബത് മണിയോടെയായിരുന്നു സംഭവം.
സിപിഎം വെള്ളയാംകുടി ബ്രാഞ്ച് സെക്രട്ടറി സജി ജോര്‍ജ് അടക്കം ആറ് പേരാണ് തന്നെ മര്‍ദിച്ചതെന്നാണ് ജെറിയുടെ പരാതി. ജെറിയുടെ പരാതിയില്‍ കട്ടപ്പന പൊലീസ് കേസെടുത്തു. മര്‍ദ്ദനത്തില്‍ ജെറിയുടെ ഒരു പല്ല് പറിഞ്ഞുപോയി. തലക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
ഇതു കൂടാതെ പണിമുടക്ക് ദിനത്തില്‍ കടതുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോത്തന്‍കോട് ഹോട്ടലിന് നേരെയും ആക്രമണമുണ്ടായി. പോത്തന്‍കോട് ജഗ്ഷനിലുള്ള ദുബായ് ഹോട്ടലിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ഹോട്ടലിന്റെ ഗ്ലാസ് ചില്ലുകള്‍ തകര്‍ന്നു. വൈകിട്ട് ഹോട്ടല്‍ തുറക്കുന്നതിനെ പണിമുടക്കനുകൂലികള്‍ എതിര്‍ത്തിരുന്നു. രാവിലെയും ഇവിടെ കട തുറക്കുന്നതിനെ ചൊല്ലി കടക്കാരനും സമരാനുകൂലികളും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം കട തുറക്കാനെത്തിയപ്പോള്‍ സമരാനുകൂലികള്‍ തടഞ്ഞു. പിന്നീട് പൊലീസ് എത്തി സമരാനുകൂലികളെ മാറ്റുകയായിരുന്നു.