Thursday, 23rd January 2025
January 23, 2025

ഇറാന്‍-യു.എസ്. സംഘര്‍ഷം; ഗള്‍ഫ് മേഖല ആശങ്കയില്‍

  • January 9, 2020 12:00 pm

  • 0

ദുബായ്ഇറാനും യു.എസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുമ്ബോള്‍ മുമ്ബെങ്ങുമില്ലാത്ത ആശങ്കയാണ് ഗള്‍ഫ്, അറബ് നാടുകളിലെല്ലാം. ഇപ്പോള്‍ സംഘര്‍ഷം ഇറാഖില്‍ മാത്രമാണെങ്കിലും മേഖലയിലാകെ ആശങ്കയും അനിശ്ചിതത്വവും നിലനില്‍ക്കുന്നു. അമേരിക്കയുടെ മറുപടി ഉണ്ടാവുമോ, ഇറാന്റെ അടുത്തനീക്കം എന്തായിരിക്കും എന്നൊക്കെയുള്ള ചര്‍ച്ചകളും പിരിമുറുക്കം സൃഷ്ടിക്കുന്നു.

പല കാരണങ്ങളാലും ഇറാന് എതിരേയാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും കുറേക്കാലമായി നിലകൊള്ളുന്നത്. സൗദിസഖ്യരാഷ്ട്രങ്ങള്‍ ഖത്തറിന് എതിരേ പ്രഖ്യാപിച്ച ഉപരോധം നേരത്തേത്തന്നെ ഗള്‍ഫ് മേഖലയില്‍ പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇറാനും തുര്‍ക്കിയുമാണ് ഈഘട്ടത്തില്‍ ഖത്തറിന്റെ സഹായത്തിനെത്തിയത്ഇറാനെതിരേ പതിറ്റാണ്ടുകളായി നിലകൊള്ളുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് യു.എസിന്റെ എല്ലാ തരത്തിലുള്ള സഹായവുമുണ്ട്. യെമെനിലെ ഹൂതി വിമതര്‍ക്ക് ആളും പടക്കോപ്പുകളും നല്‍കുന്നത് ഇറാനാണെന്ന് വര്‍ഷങ്ങളായി സൗദി അറേബ്യയ്ക്ക് പരാതിയുണ്ട്. സൗദിയിലെ അബഹ പോലുള്ള അതിര്‍ത്തി മേഖലകളില്‍ ഇപ്പോഴും ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ ആക്രമണം നടത്തുന്നുമുണ്ട്. ഇതെല്ലാം ഇറാനെ സൗദി സഖ്യരാഷ്ട്രങ്ങളുടെ പൊതുശത്രുവാക്കിയിട്ടുണ്ട്. ഒട്ടേറെ അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളും സൗദിയോടാണ് അനുഭാവം പുലര്‍ത്തുന്നത്.

ഗള്‍ഫ് മേഖലയുടെ രാഷ്ട്രീയചിത്രം ഇങ്ങനെയാണെങ്കില്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് നിലനില്‍പ്പിന്റെ പ്രശ്നമാണ്. ഇറാഖിലുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വിവിധ ഗള്‍ഫ്, അറബ് നാടുകളില്‍ ജീവിക്കുന്നുണ്ട്. ഇവിടെയുണ്ടാകുന്ന ചെറുചലനം പോലും അവരുടെ ജീവിതത്തിനും തൊഴിലിനുമെല്ലാം ഭീഷണിയുയര്‍ത്തുന്നതാണ്. നേരത്തേ കുവൈത്തിലുണ്ടായ പ്രശ്നങ്ങളും അതുണ്ടാക്കിയ പ്രതിസന്ധികളും ഇപ്പോഴും പ്രവാസികളും ലോകവും മറന്നിട്ടില്ല.

സൗദി അറേബ്യയെപ്പോലെ തന്നെ ലോകത്തിലെ വലിയ എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇറാനും. നേരത്തേ ആണവവിഷയത്തില്‍ ഇറാന് എതിരായുണ്ടായ ഉപരോധവും അതുണ്ടാക്കിയ പ്രശ്നങ്ങളും വലിയൊരളവോളം പരിഹരിക്കപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും യു.എസും ഇറാനും തമ്മിലുള്ള ബന്ധം വഷളാവുന്നത്. ലോകത്തിലെ എണ്ണ വിപണിയിലാണ് ഇതിന്റെ ആദ്യചലനം കണ്ടത്. എണ്ണയുടെ ഉദ്‌പാദനം മാത്രമല്ല, വിതരണത്തെയും ഇത് പ്രതിസന്ധിയിലാക്കുമെന്ന് ലോകം ഭയപ്പെടുന്നു. സംഘര്‍ഷമുണ്ടായി ഒറ്റ ദിവസം കൊണ്ടുതന്നെ എണ്ണവില ഉയര്‍ന്നത് എണ്ണ ലഭ്യതയെക്കുറിച്ചുള്ള ആശങ്ക കൊണ്ടുതന്നെയായിരുന്നു.

സൗദി അറേബ്യയുമായി നേരത്തേതന്നെ ശത്രുപക്ഷത്ത് നില്‍ക്കുന്ന ഇറാന്റെ അതിര്‍ത്തിപങ്കിടുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എണ്ണക്കപ്പലുകള്‍ക്ക് സഞ്ചരിക്കേണ്ടത്. ഇറാന്റെ ഭാഗത്തുനിന്ന് പ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്ക സൗദിക്കും സഖ്യരാഷ്ട്രങ്ങള്‍ക്കുമുണ്ട്. സൗദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ, ചരക്കുനീക്കം നടത്തുന്നത് ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. കുവൈത്ത്, സൗദി, ബഹ്‌റൈന്‍, ഖത്തര്‍, യു..., ഒമാന്‍ എന്നീ രാജ്യങ്ങള്‍ അതിരു പങ്കിടുന്ന കടലിന്റെയും കടലിടുക്കിന്റെയും മറുഭാഗം ഇറാന്റെ അതിര്‍ത്തി മേഖലയാണ്. ഇതാണ് സൗദിസഖ്യത്തിന് ആശങ്ക സൃഷ്ടിക്കുന്നത്. ഇത് മറികടക്കാനായി ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍ തീരങ്ങളിലെ രാജ്യങ്ങളുമായി സൗഹൃദംസ്ഥാപിക്കാനുള്ള നീക്കം സൗദിഅറേബ്യ തുടങ്ങിയിട്ടുണ്ട്. ഈജിപ്ത്, സുഡാന്‍, ജിബൂതി, യെമെന്‍, സോമാലിയ, ജോര്‍ദാന്‍, എറിത്രിയ തുടങ്ങിയ രാജ്യങ്ങളുമായി അവരുടെ അതിര്‍ത്തികളിലൂടെ ചരക്കുനീക്കത്തിനുള്ള കരാറില്‍ ഇതിനകം സൗദി എത്തിയിട്ടുണ്ട്. എണ്ണ കടത്തിന് ബദല്‍മാര്‍ഗം എന്ന നിലയിലാണ് സൗദിയുടെ ഈ നീക്കം. പുതിയ സാഹചര്യത്തില്‍ ഈ വഴി സൗദിക്കും സഖ്യരാഷ്ട്രങ്ങള്‍ക്കും നിര്‍ണായകമായ ബദല്‍ പാദയാണ്.

സൗദിയും ഇറാനും തമ്മിലുള്ള ഭിന്നതയ്‌ക്ക് വേറെയും കാരണങ്ങളുണ്ട്. ഷിയാ മുസ്‌ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇറാന്‍ ഒരുകാലത്തും സൗദിയുടെ മേധാവിത്വത്തെ അംഗീകരിച്ചിട്ടില്ല. സുന്നി ഭൂരിപക്ഷമുള്ള ഗള്‍ഫ്, അറബ് നാടുകളും സൗദിയോട് ആഭിമുഖ്യം പുലര്‍ത്തുന്നു. മക്ക, മദീന ഉള്‍പ്പെടെയുള്ള സൗദിയിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍ ലോക മുസ്‌ലിങ്ങള്‍ക്ക് ആകെ അവകാശപ്പെട്ടതാണെന്ന വാദമാണ് കുറേക്കാലമായി ഇറാന്‍ ഉന്നയിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ ഹജ്ജ് വേളകളില്‍ ഇറാന്‍ ഇക്കാര്യം ലോകത്തിനുമുന്നില്‍ ഉയര്‍ത്തിക്കാണിക്കാറുമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇറാന്റെ വാദത്തെ സൗദിയും സഖ്യരാഷ്ട്രങ്ങളും പാടേ അവഗണിക്കുകയാണ്. അതോടൊപ്പം തന്നെ ഇറാന്‍ പലസ്ഥലത്തും അധിനിവേശം നടത്തിയെന്ന പരാതിയും യു... ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ട്. യു...ക്ക് അവകാശപ്പെട്ട ഒരു ദ്വീപ് വിട്ടുകിട്ടണമെന്ന യു...യുടെ ആവശ്യവും വര്‍ഷങ്ങളായി നിലനില്‍ക്കുന്നു.

സൗദി സഖ്യരാഷ്ട്രങ്ങളോട് വലിയ സൗഹൃദം പുലര്‍ത്തുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറാനും നിര്‍ണായകമായ വ്യാപാരപങ്കാളിയാണ്. ഇറാനുമായും ഇന്ത്യയുടെ നയതന്ത്രം നല്ല നിലയിലുള്ളതാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും പക്ഷത്ത് ചേരാന്‍ ഈ ഘട്ടത്തില്‍ ഇന്ത്യ തയ്യാറാവില്ല. യു.എസ്സിനെ പിണക്കാനും ഇന്ത്യക്ക് ആവില്ല. ഫലത്തില്‍ പശ്ചിമേഷ്യയിലേക്ക് തത്കാലം നോക്കിനില്‍ക്കാന്‍ മാത്രമേ ഇന്ത്യ മുതിരുകയുള്ളൂ. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥനയും ഈ പശ്ചാത്തലത്തിലാണ്.

എന്നാല്‍, പ്രവാസികളെ സംബന്ധിച്ചിടത്തോളം നിസ്സാരമല്ല ഈ പ്രതിസന്ധികളും പ്രശ്നങ്ങളും. ആഗോള സാമ്ബത്തിക പ്രതിസന്ധിയും തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളും നിലനില്‍ക്കെത്തന്നെയാണ് പുതിയ ആശങ്കകള്‍. എണ്ണവില ഉയരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ വിപണിയുടെ സൂചന. ഇത് എല്ലായിടത്തും വിലക്കയറ്റത്തിന് ഇടയാക്കും. രൂപയുടെ മൂല്യം ഇടിഞ്ഞതും ഇതിന്റെ തുടര്‍ച്ചയാണ്. സ്വദേശിവത്കരണത്തോടെ എല്ലാ ഗള്‍ഫ് നാടുകളിലും പ്രവാസികളുടെ തൊഴിലവസരം കുറഞ്ഞിട്ടുണ്ട്. മേഖലയിലെ പുതിയ പ്രതിസന്ധിയാകട്ടെ എല്ലാ തലത്തിലുമുള്ള ആശങ്ക വര്‍ധിപ്പിക്കുകയാണ്.