
തൊടുപുഴയില്‍ വന്ധ്യംകരണ ശസ്‌ത്രക്രിയ നടത്തിയ യുവതി വീണ്ടും ഗര്‍ഭിണിയായി
January 9, 2020 11:00 am
0
തൊടുപുഴ: വന്ധ്യംകരണം നടത്തിയ യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ ആരോഗ്യവകുപ്പ് നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. തൊടുപുഴയിലാണ് സംഭവം. വന്ധ്യംകരണ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ യുവതിക്ക് ആരോഗ്യവകുപ്പ് ഒരുലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാണ് സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്.
മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ പള്ളിവാസല്‍ സ്വദേശിനി 2012 ല്‍ ആണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ വന്ധ്യംകരണ ശസ്‌ത്രക്രിയ നടത്തിയത്. 2015-ല്‍ വയറുവേദനയെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞു. യുവതിയുടെ ഭര്‍ത്താവ് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
തുക രണ്ടു മാസത്തിനകം നല്‍കണം. നേരത്തെ നഷ്‌ടപരിഹാരമായി സര്‍ക്കാര്‍ നല്‍കിയ 30,000 രൂപയ്‌ക്കു പുറമേ ഒരു ലക്ഷം കൂടി നല്‍കാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ് ആന്‍റണി ഡൊമിനിക് ഉത്തരവിട്ടു. കമ്മിഷന്‍ നോട്ടീസയച്ചപ്പോള്‍ ഡി.എം.ഒ. 30,000 രൂപ നഷ്‌ടപരിഹാരം അനുവദിച്ചു. ഈ തുക തീര്‍ത്തും അപര്യാപ്‌തമാണെന്ന് കമ്മിഷന്‍ തൊടുപുഴയില്‍ നടത്തിയ സിറ്റിങ്ങില്‍ പരാതിക്കാരി അറിയിച്ചു. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബം നിത്യവ്യത്തിക്ക് പോലും വിഷമിക്കുകയാണെന്നും പരാതിക്കാരി പറഞ്ഞു.
കൂടുതല്‍ നഷ്‌ടപരിഹാരം ആവശ്യമുണ്ടെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു. തുക കണക്കാക്കിയതിന്റെ മാനദണ്ഡം ലഭ്യമെല്ലന്നും നല്‍കിയ തുക അപര്യാപ്‌തമാണെന്നും വിലയിരുത്തിയാണ് കമ്മിഷന്‍റെ ഉത്തരവ്.