Tuesday, 22nd April 2025
April 22, 2025

നടിയെ ആക്രമിച്ച കേസ്; പുതിയ ഹര്‍ജിയുമായി വീണ്ടും ദിലീപ്! സാക്ഷി വിസ്താരം നിര്‍ത്തണമെന്ന് ആവശ്യം

  • January 7, 2020 4:00 pm

  • 0

കൊച്ചി: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണ തുടങ്ങാനിരിക്കേ വീണ്ടും ഹര്‍ജിയുമായി ദിലീപ്. കേസിലെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് പുതിയ ഹര്‍ജി വിചാരണ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കേസിലെ നിര്‍ണായക തെളിവായ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. ഈ പരിശോധനാ ഫലം വന്നതിന് ശേഷം മതി സാക്ഷി വിസ്താരം എന്നാണ് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ഈ മാസം മുപ്പതാം തീയതി സാക്ഷി വിസ്താരം ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. 136 സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവായിട്ടുണ്ട്. 136 സാക്ഷികളെ ആദ്യഘട്ടമായിട്ടാണ് വിസ്തരിക്കുകയെന്നും കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി.

നേരത്തെ കേസിലെ പ്രതിപട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതികളെ കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുകയും കുറ്റം ചുമത്തുകയും ചെയ്തു.

വിചാരണ നടപടികളിലേക്ക് കോടതി പോകുന്നതിനിടെയാണ് ദിലീപ് പുതിയ ഹര്‍ജിയുമായി കോടതിയില്‍ എത്തിയിരിക്കുന്നത്.