
കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യബസുകളും നിരത്തിലിറങ്ങില്ല; കടകള്‍ അടഞ്ഞ് കിടക്കും; 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലാകും
January 7, 2020 12:00 pm
0
തിരുവനന്തപുരം: ചൊവ്വാഴ്ച അര്‍ദ്ധരാത്രി തുടങ്ങുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലാകും. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ ബുധനാഴ്ച രാത്രി 12 വരെ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സംഘടിത, അസംഘടിത, പരമ്ബരാഗത മേഖലയിലെ തൊഴിലാളികള്‍ പങ്കെടുക്കും.സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടില്ലെന്നും വ്യാപാരികള്‍ പണിമുടക്കിനോട് സഹകരിക്കുന്ന നിലപാടിലാണെന്നും സിഐ.ടി.യു അവകാശപ്പെട്ടു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെയാണ് തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക്.
ബി.എം.എസ്. ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെയും സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്. ബി.എം.എസ് പണിമുടക്കിനെ എതിര്‍ക്കാത്ത സാഹചര്യത്തില്‍ ഫലത്തില്‍ തൊഴില്‍മേഖലയാകെ സ്തംഭിക്കുമെന്ന് മറ്റ് യൂണിയനുകള്‍ പറയുന്നു. വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും പണിമുടക്കും. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ബുധനാഴ്ച ഗ്രാമീണ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. അവശ്യസര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീര്‍ത്ഥാടനം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.
25 യൂണിയനുകളാണ് പണിമുടക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യബസുകളും നിരത്തിലിറങ്ങില്ല. ജീവനക്കാരുടെ സംഘടനകളും പണിമുടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നും വ്യാപാരികള്‍ സ്വമേധയാ സഹകരിക്കുമെന്നാണ് കരുതുന്നതെന്നും സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. തൊഴിലാളികളുടെ കുറഞ്ഞ വേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്ക്.
ബാങ്ക് ജീവനക്കാരുടെ സംഘടനകളും പണിമുടക്കും. ബാങ്ക് ഓഫിസര്‍മാരുടെ ഏറ്റവും വലിയ സംഘടനയായ ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെങ്കിലും ക്ലറിക്കല്‍ ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കും. ഇതോടെ പുതുതലമുറ ബാങ്കുകള്‍ ഒഴികെയുള്ള ബാങ്കുകളും പ്രവര്‍ത്തിക്കില്ലെന്ന സ്ഥിതിയാണ്. പെട്രോള്‍ പമ്ബുകളില്‍ പണിമുടക്കില്ലെങ്കിലും ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ സാധിക്കാത്ത സ്ഥിതിയാണെങ്കില്‍ അടച്ചിടേണ്ടിവരുമെന്ന് വിതരണക്കാരുടെ സംഘടന വ്യക്തമാക്കി.
വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധാനം ചെയ്ത് എളമരം കരീം, ആര്‍. ചന്ദ്രശേഖരന്‍, ഉദയഭാനു, അഹമ്മദ്കുട്ടി ഉണ്ണികുളം, സോണിയാ ജോര്‍ജ്, ബാബു ദിവാകരന്‍, വി.ആര്‍. പ്രതാപന്‍, വി. ശിവന്‍കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.