നാലുമാസമായി ഓസ്‌ട്രേലിയയെ വിഴുങ്ങി കാട്ടുതീ; വെണ്ണീറായത് 50 കോടി ജീവജാലങ്ങള്‍
January 6, 2020 5:00 pm
0
സിഡ്‌നി: 2019 സെപ്റ്റംബറിലാണ് ഓസ്‌ട്രേലിയയില്‍ കാട്ടുതീ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. നാലുമാസം പിന്നിട്ട് 2020 ജനുവരി എത്തിയിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല സര്‍വ്വവും സംഹരിച്ച് മുന്നേറുകയാണ്.
ഉയരുന്ന മരണസംഖ്യ
ഇതിനോടകം 17 പേരാണ് ഓസ്ട്രേലിയയില്‍ കാട്ടുതീ മൂലം മരിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. അതിനാല്‍ തന്നെ മരണ സംഖ്യ ഇനിയും ഉയരാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇല്ലാതായത് 50 കോടിയോളം മൃഗങ്ങള്‍
ഓസ്‌ട്രേലിയയിലെ കാട്ടു തീയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകളില്‍ ഏറ്റവും ഭീതിപ്പെടുത്തുന്നത് ചത്തുപോയ മൃഗങ്ങളുടെ എണ്ണമാണ്. ഇതിനോടകം തന്നെ 50 കോടിയോളം മൃഗങ്ങളാണ് കാട്ടുതീയില്‍ വെണ്ണീറായതെന്നാണ് റിപ്പോര്‍ട്ട്.
ഓസ്‌ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന കങ്കാരുക്കളും കോലകളും അടക്കമുള്ള ജീവികളും കൂടാതെ പക്ഷികളും ഉരഗങ്ങളുമടക്കം 48 കോടിയോളം സസ്തനികള്‍ ചത്തിട്ടുണ്ടെന്നാണ് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്.
ന്യു സൗത്ത് വേയ്ല്‍സിലെ 30 ശതമാനത്തോളം ജീവികള്‍ തുടച്ചുനീക്കപ്പെട്ടതായി ഓസ്‌ട്രേലിയന്‍ പരിസ്ഥിതി വകുപ്പ് മന്ത്രി സൂസ്സന്‍ ലേ എബിസി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മരങ്ങളും ചെടികളും മറ്റു ചെറുജീവികളും അടക്കമുള്ള ജീവവ്യവസ്ഥയുടെ നഷ്ടം ഇതിലും വളരെ വലുതായിരിക്കും എന്നാണ് പരിസ്ഥിതി സ്‌നേഹികള്‍ ആശങ്കപ്പെടുന്നത്.
മൃഗങ്ങളുടെ നാശനഷ്ടവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ഏകദേശ കണക്കുകള്‍ മാത്രമാണ്. കാട്ടു തീ അണച്ചാല്‍ മാത്രമെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ. പക്ഷേ നിലവിലെ സാഹചര്യങ്ങള്‍ വെച്ച് കാട്ടുതീ നിയന്ത്രണവിധേയമാക്കുക എന്നത് എളുപ്പമല്ല. കാട്ടു തീയില്‍ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാനുള്ള പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും അവ ഫലപ്രാപ്തിയില്‍ എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ജീവനും ജീവിതവും നഷ്ടപ്പെട്ട് ഒരു ജനത
1200 വീടുകളെയാണ് കാട്ടു തീ ഇതുവരെ ചാമ്പലാക്കിയത്. നിരവധി പേര്‍ക്ക് തങ്ങളുടെ സര്‍വ്വ സമ്പാദ്യവും നഷ്ടപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെല്ലാം ചാരവും പുകയും മൂലം വാസയോഗ്യമല്ലാതായി. ഈ പ്രദേശങ്ങള്‍ ഇനി പൂര്‍വ്വ സ്ഥിതിയിലാകാന്‍ നാളുകളെടുക്കും. കാട്ടു തീ പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നെല്ലാം ജനങ്ങളെ പോലീസ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാ തരത്തിലും ജനജീവിതം ദു:സഹമായ അവസ്ഥയാണ് ഓസ്‌ട്രേലിയയിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാട്ടു തീ മൂലം ഓസ്‌ട്രേലിയുടെ അന്തരീക്ഷം പുകമയമാണ്. ഇതു മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ജനങ്ങളെ അലട്ടുന്നു. ഓസ്‌ട്രേലിയുടെ നിരത്തുകളിലെല്ലാം നിയന്ത്രിക്കാന്‍ കഴിയാത്ത വിധമുള്ള ജനത്തിരക്കുണ്ട്. ജീവനും കൊണ്ട് സുരക്ഷിത സ്ഥാനത്തേക്ക് പാലായനം ചെയ്യുന്നവരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ കൊണ്ടും ഗതാഗത തടസ്സമില്ലാത്ത ഒരു റോഡുപോലുമില്ല ഓസ്‌ട്രേലിയയില്‍.
പലഭാഗത്തും കുടുങ്ങിക്കിടന്ന 4000 പേരെ ഓസ്‌ട്രേലിയന്‍ സൈന്യം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ലക്ഷക്കണക്കിന് പേരാണ് ഓസ്‌ട്രേലിയയുടെ തീരപ്രദേശങ്ങളില്‍ നിന്ന് ഓരോ മണിക്കൂറും ജീവനും കൊണ്ടോടുന്നത്.
കാട്ടു തീ മൂലം അടിയന്തരാവസ്ഥ
ഓസ്ട്രേലിയയില്‍ ആറ് സംസ്ഥാനങ്ങളിലായി ഏകദേശം 150 ലക്ഷം ഏക്കര്‍ സ്ഥലത്ത് കാട്ടുതീ മൂലമുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് കണക്ക്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്ന് ന്യൂ സൗത്ത് വേയ്ല്‍സിലാണ്. ഇവിടെ 89 ലക്ഷം ഏക്കര്‍ സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. ഇവിടെ മാത്രം നാല് മില്യണ്‍ ഹെക്ടറിലധികം സ്ഥലം എരിഞ്ഞടങ്ങി. 900 വീടുകള്‍ ചാരമായി. ഇവിടെ ഏഴു ദിവസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റൊരു സംസ്ഥാനമായ വിക്ടോറിയയില്‍ നിന്ന് 30,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സൗത്ത് ഓസ്‌ട്രേലിയന്‍ സംസ്ഥാനത്തെ നഗരങ്ങളുടെ അവസ്ഥയും വിഭിന്നമല്ല. ഓസ്‌ട്രേലിയയിലെ പ്രശസ്തമായ മുത്തിരിത്തോട്ടങ്ങള്‍ പലതും ഇതിനോടകം തന്നെ തീ തിന്നുകഴിഞ്ഞു. കടല്‍ത്തീരങ്ങള്‍ക്ക് അടുത്തുവരെ തീപടര്‍ന്നെത്തി. തീരപ്രദേശങ്ങളിലുണ്ടായിരുന്നവര്‍ രക്ഷതേടി കടലിലിറങ്ങുകയായിരുന്നു