ലോക കേരളസഭ : സജീവ സാന്നിധ്യമറിയിച്ച് യു.എ.ഇ പ്രതിനിധികള്‍
January 4, 2020 6:00 pm
0
ലോക കേരളസഭ : സജീവ സാന്നിധ്യമറിയിച്ച് യു.എ.ഇ പ്രതിനിധികള്‍
അജ്മാന്: രണ്ടാമത് ലോക കേരള സഭയില്‍ സജീവ സാന്നിധ്യമറിയിച്ച് യു.എ.ഇയില്‍നിന്നുള്ള പ്രതിനിധികള്‍. സമ്മേളനത്തോടനുബന്ധിച്ച് നടന്ന മേഖല യോഗങ്ങളില്‍ യു.എ.ഇക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. പ്രധാന വേദിയായ ആര്. ശങ്കര നാരായണന് തമ്ബി ഹാളില്‍ തന്നെയായിരുന്നു യു.എ.ഇ മേഖല സമ്മേളനവും. സമ്മേളന പ്രതിനിധികള്‍ തങ്ങളുടെ വിഷയങ്ങള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത വേദിയില്‍ ഉന്നയിച്ചു. ചടങ്ങില്‍ മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, പി.തിലോത്തമന്, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന് തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു. മേഖലയുടെ ടീം ലീഡര്‍ കെ.വി. ഷംസുദ്ദീന് ക്രോഡീകരണം നടത്തി.
നഴ്സിങ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും അധ്യാപകരുടെ തുല്യതാ പ്രശ്നം ജോലി നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നതായും ലോക കേരളസഭയുമായി സാധാരണക്കാര്‍ക്ക് ബന്ധപ്പെടാന്‍ സംവിധാനം ഉണ്ടാക്കണമെന്നും സൈമണ്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഗള്‍ഫ് സന്ദര്‍ശനത്തില്‍ കുറഞ്ഞ വരുമാനക്കാരുടെ മക്കള്‍ക്ക് പഠിക്കാന്‍ പൊതു വിദ്യാലയവും താമസ കേന്ദ്രങ്ങളും തുറക്കുമെന്നും പറഞ്ഞത് ഇതുവരെ നടപ്പാക്കിയില്ലെന്ന പരാതി മുരളി ഉന്നയിച്ചു.
നോര്‍ക്ക ഉദ്യോഗസ്ഥനെ ഗള്‍ഫില്‍ നിയമിക്കണമെന്നായിരുന്നു അല്െഎനില്നിന്ന് എത്തിയ സലാം ആവശ്യപ്പെട്ടത്. ഇടത്തരം കച്ചവടക്കാരായ പ്രവാസികള്‍ക്കുകൂടി ലോക കേരളസഭ പ്രാപ്യമാകണമെന്ന് റജി ചെറിയാന് ശ്രദ്ധയില്‍ കൊണ്ടുവന്നു. മാറിവരുന്ന ജോലി സാധ്യതകള്‍ മനസ്സിലാക്കി മലയാളികളെ പ്രാപ്തരാക്കിയാല്‍ വിദേശത്ത് കൂടുതല്‍ സാധ്യതയുണ്ടെന്നും ജോലി സാധ്യതകള്‍ക്ക് വെബ് പോര്‍ട്ടല്‍ ആരംഭിക്കണമെന്നും ഷാര്‍ജയില്‍നിന്നുള്ള മാധവന് ഓര്‍മപ്പെടുത്തി.
കഴിഞ്ഞ ലോക കേരളസഭ എടുത്ത നടപടികള്‍ സാധാരണക്കാരിലേക്ക് എത്തിക്കണമെന്നും ജോലി നഷ്്ടപ്പെടുന്ന പ്രവാസികള്‍ക്ക് പുനരധിവാസ നടപടികള്‍ ആരംഭിക്കണമെന്നും കുഞ്ഞമ്മദ് ആവശ്യപ്പെട്ടു. പ്രവാസി സുരക്ഷാപദ്ധതി ജനകീയമാക്കണമെന്നും ഇതിനായി എല്ലാ സംഘടനകളെയും വിശ്വാസത്തിലെടുത്ത് ബോധവത്കരണ നടപടികള്‍ സ്വീകരിക്കണമെന്നും കുഞ്ഞാവുട്ടി ഖാദര്‍ ആവശ്യപ്പെട്ടു. തിരിച്ചെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കണം.
പ്രവാസികളുടെ നിരന്തര ആവശ്യമായ യാത്രക്കൂലി വര്‍ധന, വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ നേരിടുന്ന കാലതാമസം എന്നിവക്ക് പരിഹാരം വേണമെന്ന് റാസല്‍ഖൈമയില്‍നിന്നുള്ള ജയലക്ഷ്മി പറഞ്ഞു. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടി കപ്പല്‍ സംവിധാനം പുനരാരംഭിക്കണം. പുതുതായി ആരംഭിക്കുന്ന മലയാളി അസോസിയേഷന് രൂപവത്കരിക്കുമ്ബോള് എല്ലാ സംഘടനകളെയും പരിഗണിച്ച് ജനകീയമാക്കണം.
മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ നടത്തിയ നിക്ഷേപ പരിരക്ഷാ പദ്ധതിയുടെ തുടര്‍ നടപടികള്‍ അറിയാന്‍ താല്പര്യമുണ്ടെന്ന് റാഫി പറഞ്ഞു. കുടുംബത്തിനുണ്ടാകുന്ന പല പ്രശ്നങ്ങളിലും വനിതകള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ വളരെ വലുതാണെന്നും അതിനാല്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഉന്നത വിദ്യാഭ്യാസം നേടിയ കുടുംബിനികളായ വനിതകള്‍ക്ക് എന്തെങ്കിലും പദ്ധതി സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കണമെന്നും മാധ്യമ പ്രവര്‍ത്തക തന്‍സി ഹാഷിര്‍ പറഞ്ഞു. ഗള്‍ഫില്‍ ജോലിക്ക് എത്തുന്ന സ്ത്രീകള്‍ പ്രത്യേകിച്ചും അജ്മാന് പോലുള്ള സ്ഥലങ്ങളില്‍ നേരിടുന്ന തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകണമെന്ന് ജാസിം മുഹമ്മദ് സഭയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. കേരളത്തെ അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന വിഷയം സുഭാഷ് ഉന്നയിച്ചു.
ഗള്‍ഫിലെ എംബസികളില്‍ ജോലി ചെയ്ത് വിരമിച്ച ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി പ്രവാസി പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ഇസ്മായീല്‍ റാവുത്തര്‍ പറഞ്ഞു. പ്രവാസി ക്ഷേമനിധി, ഡിവിഡന്റ് പദ്ധതി തുടങ്ങിയവ കൂടുതല്‍ ജനകീയമാക്കണമെന്ന് രാജന് മാഹി പറഞ്ഞു. മലയാളം മിഷന് പദ്ധതി സര്‍ക്കാര്‍ ആരംഭിക്കുന്ന പൊതു സംഘടനയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പ്രവാസി യൂത്ത് ഫെസ്റ്റിവലുകള്‍ നടത്തുക വഴി പ്രതിഭകളെ വളര്‍ത്തികൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും ശ്രീകല പറഞ്ഞു. വിമാനത്താവളം കേന്ദ്രീകരിച്ച് നോര്‍ക്ക രജിസ്ട്രേഷന് ആരംഭിക്കണമെന്നും പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് സര്‍ക്കാര്‍ പദ്ധതി രൂപവത്കരിക്കണമെന്നും ഗള്‍ഫില്‍ ഏറെ സാധ്യതയുള്ള അറബി, ഇസ്ലാമിക് വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ബിജു സോമന് ആവശ്യപ്പെട്ടു. പ്രവാസികള്‍ക്കായി നിയമ സഹായവും കൗണ്‍സലിങ് സഹായവും ഒരുക്കണമെന്ന് വനിത പ്രതിനിധി ബിന്ദു നായര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ അടച്ചിട്ടിരിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശശികുമാര്‍ നായര്‍ പറഞ്ഞു. പ്രവാസികള്‍ മരിക്കുമ്ബോള്‍ കുടുംബത്തിന് സര്‍ക്കാര്‍ വക സാമ്ബത്തിക സഹായം ലഭ്യമാക്കണമെന്ന് അഷറഫ് താമരശ്ശേരി ആവശ്യപ്പെട്ടു. പ്രവാസികളുടെ സമ്ബാദ്യ ശീലത്തിലെ അച്ചടക്കം, പ്ലാനിങ് എന്നിവക്ക് പ്രേരണ നല്കുന്ന പുതിയ പദ്ധതികള്‍ ആരംഭിക്കണമെന്ന് കെ.വി. ഷംസുദ്ദീന് ഉന്നയിച്ചു. നേരത്തേ നടന്ന പ്ലീനറി സെഷനില്‍ നോര്‍ക്ക വൈസ് ചെയര്മാന് എം.എ. യുസുഫലി, ഡോ. ആസാദ് മൂപ്പന്, പി.എ. ഇബ്രാഹീം ഹാജി, ഡോ. രവി പിള്ള, ആശാ ശരത്, അഷ്റഫ് താമരശ്ശേരി തുടങ്ങിയവര്‍ നിരവധി വിഷയങ്ങള്‍ ഉന്നയിച്ച് സംസാരിച്ചു. അതേസമയം, കഴിഞ്ഞ ലോക കേരളസഭയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കാത്ത പദ്ധതികളെക്കുറിച്ച് പരാതി ഉന്നയിക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്കരണം തടസ്സമായി.