
കൂടുതല്‍ പ്രതിഫലം നല്‍കാതെ ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ല; നിലപാടിലുറച്ച് ഷെയ്ന് നിഗം
January 4, 2020 1:00 pm
0
കൊച്ചി: ഷെയിന്‍ നിഗം വിവാദം വീണ്ടും പുകയുന്നു. ഷെയിന് മുന്നില്‍ മുട്ട് മടക്കില്ലെന്ന് നിര്‍മ്മാതാക്കളും നിര്‍മ്മാതാക്കള്‍ക്ക് വഴങ്ങില്ലെന്ന് ഷെയിനും നിലപാടെടുത്തതോടെ വിവാദം വീണ്ടും കത്തുകയാണ്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാതാക്കള്‍ നല്‍കിയ അന്ത്യശാസന തളളിക്കളഞ്ഞിരിക്കുകയാണ് ഷെയിന്‍ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ഷെയിന്‍ വിഷയം താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് നിര്‍മ്മാതാക്കളെ വെല്ലുവിളിച്ച് കൊണ്ടുളള താരത്തിന്റെ നീക്കം.
വിശദാംശങ്ങള്‍ ഇങ്ങനെ:
ഡബ്ബിംഗ് തീർത്ത ശേഷം ചർച്ച
ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായതോടെയാണ് നേരത്തെ ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം എന്ന സിനിമയും പ്രതിസന്ധിയിലായത്. ഇനി ഡബ്ബിംഗ് ആണ് ചിത്രത്തിന്റെതായി ബാക്കിയുളളത്. ചിത്രത്തിന്റെ ഡബ്ബിംഗ് ഷെയിന്‍ തീര്‍ത്ത് കൊടുത്തിട്ട് മാത്രമേ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകളുളളൂ എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനമെടുത്തത്.
മൂന്ന് ദിവസത്തെ സമയപരിധി
എത്രയും പെട്ടെന്ന് ഷെയിന്‍ ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടന് കത്ത് നല്‍കി. ഡിസംബര്‍ 19ന് ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. എന്നാല്‍ കത്തയച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ഷെയിന്‍ പ്രതികരിച്ചില്ല. ഇതോടെയാണ് മൂന്ന് ദിവസത്തിനകം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണം എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.
പ്രതിഫല തര്‍ക്കം പരിഹരിക്കട്ടെ
ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ച മൂന്ന് ദിവസത്തെ സമയപരിധി ജനുവരി 5 ഞായറാഴ്ച അവസാനിക്കുകയാണ്. എന്നാല്‍ ഷെയിന്‍ ഇതുവരെ ചിത്രത്തിന്റെ ഡബ്ബിംഗിന് എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രതിഫല തര്‍ക്കം പരിഹരിക്കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ല എന്നാണ് ഷെയിന്റെ നിലപാട്. പ്രതിഫലം കൂട്ടി നല്‍കണം എന്ന ആവശ്യത്തില്‍ ഷെയിന്‍ ഉറച്ച് നില്‍ക്കുകയാണ്.
45 ലക്ഷം വേണം
ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാം എന്ന് ഷെയിന്‍ ഉറപ്പ് നല്‍കിയിരുന്നു എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. സിനിമയുടെ പ്രതിഫലമായി 25 ലക്ഷം രൂപയാണ് ഇതുവരെ ഷെയിന്‍ നിഗത്തിന് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്നത്തെ മാര്‍ക്കറ്റ് വാല്യു അനുസരിച്ച് 45 ലക്ഷം വേണം എന്നാണ് ഷെയിന്‍ ആവശ്യപ്പെടുന്നതെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നത്.
കരാര്‍ ലംഘനം നടത്തി?
ഉല്ലാസത്തിന്റെ നിര്‍മ്മാതാക്കളായ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ഷെയിന്‍ നിഗത്തിന് എതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു. ഷെയിന്‍ കരാര്‍ ലംഘനം നടത്തി എന്നാണ് ആരോപണം. 25 ലക്ഷത്തിനാണ് ഷെയിന്‍ നിഗവുമായി കരാര്‍ ഒപ്പിട്ടത് എന്നും എന്നാല്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ 20 ലക്ഷം കൂടി വേണം എന്ന് ഷെയിന്‍ ആവശ്യപ്പെടുന്നുവെന്നാണ് പരാതി.
ഷെയിന്റെ ശബ്ദരേഖ
ഉല്ലാസം സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാടിനോട് ഷെയിന്‍ പണം കൂടുതല്‍ ചോദിക്കുന്നതിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു. തന്റെ സ്റ്റാര്‍ വാല്യു മുന്‍പത്തേക്കാള്‍ ഉയര്‍ന്നുവെന്നും ഇനി മുതല്‍ 45 ലക്ഷമാണ് പ്രതിഫലം വാങ്ങുന്നത് എന്നും കുറച്ച് കൂടി കഴിഞ്ഞാല്‍ അത് 75 ലക്ഷവും ഒരു കോടിയുമൊക്കെയാവും എന്നും ഷെയിന്‍ നിഗം പറയുന്നത് ശബ്ദരേഖയിലുണ്ട്.
കാണിച്ചത് മറ്റൊരു കരാർ രേഖ
എന്നാല്‍ 45 ലക്ഷം രൂപയാണ് ഉല്ലാസത്തില്‍ അഭിനയിക്കുന്നതിന് താന്‍ പ്രതിഫലമായി പറഞ്ഞിരുന്നതെന്ന് ഷെയിന്‍ അവകാശപ്പെടുന്നു. പണം മുന്‍കൂറായി തരാതിരുന്നിട്ട് കൂടി താന്‍ സിനിമയില്‍ അഭിനയിക്കുകയായിരുന്നു. എന്നാല്‍ അതിന് ശേഷം പ്രതിഫലം ചോദിച്ചപ്പോള്‍ മറ്റൊരു സംവിധായകനുമായി ഒപ്പിട്ട 25 ലക്ഷത്തിന്റെ കരാര്‍ രേഖയാണ് കാണിച്ചത് എന്നും ഷെയിന്‍ നിഗം ആരോപിക്കുകയുണ്ടായി.
അമ്മയുടെ ചർച്ച
ഈ പ്രതിഫല തര്‍ക്കം പരിഹരിച്ചതിന് ശേഷം മാത്രമം ഡബ്ബ് ചെയ്യൂ എന്നാണ് ഷെയിന്റെ നിലപാട്. ഈ മാസം 9ന് കൊച്ചിയില്‍ ചേരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കപ്പെടും എന്നാണ് ഷെയിന്റെ കണക്ക് കൂട്ടല്‍. യോഗത്തിലേക്ക് ഷെയിന്‍ നിഗത്തേയും അമ്മ നേതൃത്വം വിളിപ്പിച്ചേക്കും. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ്, വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കല്‍ അടക്കമുളള വിഷയങ്ങളില്‍ ഷെയിനില്‍ നിന്ന് അമ്മ രേഖാമൂലം ഉറപ്പ് വാങ്ങിയേക്കും.