
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി പറയും, മതിയായ തെളിവുകളുണ്ടെന്ന് സര്‍ക്കാര്‍
January 4, 2020 11:00 am
0
കൊച്ചി: നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ പ്രത്യേക കോടതി ശനിയാഴ്ച വിധി പറയും.
തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് പ്രത്യേക കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. ക്വട്ടേഷന്‍ സംഘം പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചാണ് ദിലീപ് വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. പ്രത്യേക അനുമതിയോടെ അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങള്‍ കണ്ടശേഷം ലഭിച്ച അഭിപ്രായം കണക്കിലെടുത്താണു പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി. നിലവിലുള്ള കുറ്റപത്രത്തില്‍, തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ദിലീപിന് വിടുതല്‍ നല്‍കരുതെന്നും വിചാരണ നടത്താന്‍ പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിട്ടുണ്ട്. ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് വാദം പൂര്‍ത്തിയാക്കിയത്.
പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള വാദം നടക്കുന്നതിനിടെയാണ് ദിലീപ് വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഹര്‍ജി തള്ളിയാല്‍ ദിലീപിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാന്‍ അവസരമുണ്ട്.