Thursday, 23rd January 2025
January 23, 2025

പുതുവര്‍ഷത്തില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ ; ജനിച്ചത് 67,000 ശിശുക്കള്‍ ; രണ്ടാം സ്ഥാനം ചൈനക്ക്

  • January 2, 2020 8:00 pm

  • 0

യുഎന്‍: പുതുവര്‍ഷത്തില്‍ ലോകത്ത് നാല് ലക്ഷം കുഞ്ഞുങ്ങള്‍ ജനിച്ചതായി യുഎന്‍ അറിയിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് യുഎന്‍ ശിശു സംരക്ഷണ വകുപ്പ് അറിയിച്ചു. ഏകദേശം 67, 385 കുട്ടികളാണ് ഇന്ത്യയില്‍ ജനിച്ചത്.

രണ്ടാം സ്ഥാനത്ത് ചൈനയാണ് പുതു വര്‍ഷത്തില്‍ 46,299 കുട്ടികളാണ് ചൈനയില്‍ ജനിച്ചത്. പ്രവചനം പോലെ 2020-ലെ ആദ്യദിനത്തില്‍ ആദ്യ കുട്ടി ജനിച്ചത് ഫിജിയിലാണ്. അവസാനത്തെ കുട്ടി അമേരിക്കയിലും. ഇന്ത്യയില്‍ 67,385 കുട്ടികള്‍, ചൈന (46,299) നൈജീരിയ (26,039), പാകിസ്താന്‍ (16,787), ഇന്തോനേഷ്യ(13,020), അമേരിക്ക(10,452), കോംഗോ(10,247),എത്യോപിയ( 8,493) എന്നിങ്ങനെയാണ്. എല്ലാ പുതുവര്‍ഷവും നവജാത ശിശുക്കളുടെ ദിനമായാണ് യൂനിസെഫ് ആഘോഷിക്കുന്നത്.

2018-ല്‍ 2.5 ദശലക്ഷം കുട്ടികള്‍ ജനിച്ച മാസം തന്നെ മരണപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലായി നവജാത ശിശുക്കളുടെ മരണത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്ന് യൂനിസെഫ് അറിയിച്ചു. അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ ജനസംഖ്യയില്‍ ചൈനയെ മറി കടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് ഐക്യരാഷ്ട്ര സംഘടന അടുത്തിടെ വ്യക്തമാക്കിയത്. 2019-2050 നും ഇടയില്‍ 27 കോടി പേരുടെ വര്‍ദ്ധനവാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്.

നൂറ്റാണ്ട് അവസാനിക്കുമ്ബോഴേക്കും ലോക ജനസംഖ്യയില്‍ 320 കോടിയുടെ വര്‍ദ്ധനവാണ് യുഎന്‍ പ്രതീക്ഷിക്കുന്നത്. അടുത്ത മുപ്പത് വര്‍ഷം കൊണ്ട് ജനസംഖ്യയില്‍ 200 കോടിയുടെ വര്‍ധനയുണ്ടാകും. ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുക. ജനസംഖ്യയുടെ ശരാശരി പ്രായം കൂടുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 2050-ല്‍ ആറില്‍ ഒരാളുടെ പ്രായം 65-ല്‍ കൂടുതലായിരിക്കും. ഇന്ന് പതിനൊന്നില്‍ ഒരാളുടെ പ്രായമാണ് 65-ല്‍ കൂടുതല്‍. ഇതേ കാലയളവില്‍ 80 വയസ് പിന്നിട്ടവരുടെ എണ്ണം നിലവിലുള്ള 14 കോടിയില്‍ 42 കോടിയായി ഉയരുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.