Thursday, 23rd January 2025
January 23, 2025

അർധനഗ്നനായ പുരുഷനെ നായയെപ്പോലെ ചങ്ങലയിൽ വലിച്ചിഴച്ച് യുവതി; വിവാദം; മാപ്പ്

  • January 2, 2020 12:00 pm

  • 0

ബംഗ്ലാദേശിലെ തിരക്കേറിയ തെരുവിലൂടെ പൊതുജനം നോക്കിനില്‍ക്കെ, അര്‍ധനഗ്നനായ പുരുഷനെ നായയെപ്പോലെ ചങ്ങലയില്‍ വലിച്ചുകൊണ്ടുപോകുന്ന പെണ്‍കുട്ടി. സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയും പ്രതിഷേധങ്ങളും ഉയർത്തുകയാണ് ഇൗ ചിത്രം. രോഷം ഉയർന്നതോടെ മാപ്പപേക്ഷയുമായി ഇരുവരും രംഗത്തെത്തി. അഫ്സാന ഷെജുട്ടി എന്നാണ് വിഡിയോയില്‍ കാണുന്ന പെണ്‍കുട്ടിയുടെ പേര്. ആധുനിക വസ്ത്രം ധരിച്ച്, കൂളിങ് ഗ്ലാസ്സും വച്ച് പരിസരം ശ്രദ്ധിക്കാതെ നടന്നുനീങ്ങുകയാണ് വിഡിയോയില്‍ പെണ്‍കുട്ടി. തുതുല്‍ ചൗധരി എന്നാണു പുരുഷന്റെ പേര്. അയാള്‍ പട്ടിയെപ്പോലെ കാലും കയ്യും നിലത്തുകൂടി ഇഴച്ചുനീക്കുകയാണ്.

1968 –ല്‍ വിയന്നയില്‍ നടന്ന സമാനമായ ഒരു സംഭവത്തിന്റെ ആവര്‍ത്തനമാണ് തങ്ങള്‍ പുനരാവിഷ്കരിച്ചതെന്നാണ് താരങ്ങളുടെ വാദം. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം വിഡിയോ പ്രചരിച്ചു. വലിയ വിവാദവുമായി. ധാക്ക സര്‍വകലാശാലയില്‍ ഫൈന്‍ ആര്‍ട്സ് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഷെജൂട്ടി. രാജ്യ തലസ്ഥാനമായ ധാക്കയിലൂടെയാണ് ഷെജൂട്ടി ചൗധരിയെ നായയെപ്പോലെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത്.

വിയന്നയില്‍ അമ്പതോളം വര്‍ഷങ്ങള്‍ക്കുമുമ്പ് അക്കാലത്തെ ഫെമിനിസ്റ്റുകള്‍ അവതരിപ്പിച്ച ഒരു ദൃശ്യമാണ് തങ്ങള്‍ പുനരാവിഷ്കരിച്ചതെന്ന് താരങ്ങള്‍ പറഞ്ഞു. ‘ഫ്രം ദ് പോര്‍ട്ഫോളിയോ ഓഫ് ഡോഗഡ്നെസ്എന്നായിരുന്നു അന്നത്തെ അവതരണത്തിന്റെ പേര്. പക്ഷേ, അനുമതിയില്ലാതെയാണു പുനരാവിഷ്കരണം റോഡില്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. എന്തായാലും മാപ്പു പറയുകയും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തതിനാല്‍ പൊലീസ് രണ്ടുപേരെയും വിട്ടയച്ചു.