യു.എ.ഇയില്‍ മലയാളി മരിച്ച സംഭവം : കോടികളുടെ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
January 1, 2020 6:00 pm
0
ദുബായ് : യു.എ.ഇയില്‍ മലയാളി മരിച്ച സംഭവം, കോടികളുടെ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ചികിത്സാപ്പിഴവുമൂലം മലയാളി യുവാവ് മരിച്ച സംഭവത്തിലാണ് പലിശയടക്കം 10.5 ലക്ഷം ദിര്‍ഹം ( 2 കോടിയിലേറെ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി വന്നിരിക്കുന്നത്. ദുബായിലെ ഒരു കമ്ബനിയില്‍ മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി അലോഷ്യസ് മെന്‍ഡസ് (40) ആണു മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്നു അജ്മാനിലെ ഒരു ആശുപത്രിയിലെത്തിയ അലോഷ്യസ് ചികിത്സാ പിഴവുമൂലം മരിച്ചതായാണു കേസ്.
മരുന്നു വാങ്ങി വീട്ടിലെത്തിയ ഇദ്ദേഹം 4 മണിക്കൂറിനു ശേഷം കുഴഞ്ഞുവീഴുകയും തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്തു. ഹൃദയാഘാതമാണു മരണകാരണംഎന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. തുടര്‍ന്ന്, ആദ്യം ചികിത്സിച്ച ആശുപത്രിക്കെതിരെ അലോഷ്യസിന്റെ ബന്ധുക്കള്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ പരാതി നല്‍കി.
രേഖകള്‍ പരിശോധിച്ച ഹെല്‍ത്ത് അതോറിറ്റി, ചികിത്സാ പിഴവു സംഭവിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം തേടി അല്‍ കബ്ബാന്‍ അഡ്വക്കേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സല്‍റ്റന്റ് അഡ്വ.ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖാന്തരം അജ്മാന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
കേസിനെക്കുറിച്ച് വിശദമായി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 13 അംഗ മെഡിക്കല്‍ കമ്മിറ്റിയെ കോടതി ചുമതലപ്പെടുത്തി. ഡോക്ടറുടെയും ആശുപത്രിയുടെയും വീഴ്ചകള്‍ സ്ഥിരീകരിക്കുന്നതായിരുന്നു കമ്മിറ്റി റിപ്പോര്‍ട്ട്. തുടര്‍ന്നാണ് പലിശയടക്കം നഷ്ടപരിഹാരം അനുവദിച്ച് കോടതി ഉത്തരവിട്ടത്.